അമേരിക്കയെ വിശ്വസിക്കാനാവില്ല; മൂന്ന് സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്


16, November, 2026
Updated on 16, November, 2026 3



ചർച്ചാ മേശയിൽ അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും നയതന്ത്രം, സാമ്പത്തിക ഉപരോധം, സൈനിക ആക്രമണം എന്നീ മൂന്ന് സാധ്യതകളെയും നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി ആണ് അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയത്. മറ്റൊരു സൈനിക നീക്കത്തിന് സമയം കണ്ടെത്തുന്നതിനായി അമേരിക്ക നയതന്ത്ര ചർച്ചകളെ മറയാക്കുകയാണോ എന്ന് സംശയിക്കുന്നതായും, അമേരിക്കൻ ആക്രമണത്തിന് കാത്തുനിൽക്കാതെ തന്നെ തിരിച്ചടിക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ചർച്ചകൾ നടക്കുന്നതിനിടെ തന്നെയാണ് 12 ദിവസത്തെ യുദ്ധവും 40 ദിവസത്തെ യുദ്ധവും ഉണ്ടായതെന്നും, 14 ഇന ധാരണാപത്രം രണ്ടാഴ്ച പോലും നീണ്ടുനിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


നിലവിലെ സാഹചര്യത്തെ 'യുദ്ധവുമില്ല സമാധാനവുമില്ല' എന്ന അവസ്ഥയായി കാണാൻ കഴിയില്ലെന്നും നിയമപരമായി ഇറാൻ ഇപ്പോഴും യുദ്ധാവസ്ഥയിൽ തന്നെയാണെന്നും ഗരീബാബാദി പറഞ്ഞു. ഉപരോധം ഏർപ്പെടുത്തി കീഴടക്കാൻ ഇറാൻ ക്യൂബയോ വെനസ്വേലയോ അല്ലെന്നും, ഇറാന്റെ റെവല്യൂഷണറി ഗാർഡ് പുതിയ ദൂരപരിധിയുള്ള മിസൈലുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ മേഖലകളിലെയും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ നീക്കുക, മേഖലയിൽ പുതുതായി വിന്യസിച്ച അമേരിക്കൻ സൈനിക സന്നാഹങ്ങൾ പിൻവലിക്കുക എന്നിവയാണ് ഏതൊരു കരാറിനും ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകൾ.

​

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനുള്ള സമയപരിധി മധ്യസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം ഏഴ് ദിവസത്തിൽ നിന്ന് രണ്ട് ദിവസമായി കുറയ്ക്കാൻ ഇറാൻ തയ്യാറായിട്ടുണ്ട്. എന്നാൽ തങ്ങളുടെ വ്യവസ്ഥകളിൽ ഒന്നുപോലും നടപ്പിലാക്കാതെ യാതൊരുവിധ ധാരണയും സാധ്യമല്ലെന്നും, അഥവാ ഉണ്ടായാൽ തന്നെ അത് നിലനിൽക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലേക്ക് അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റിനെ കൂടി അയച്ചതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.




Feedback and suggestions