സെനറ്റിന്റെ നിയന്ത്രണം നഷ്ടമാകുന്നിനു മുമ്പ് കൂട്ടത്തോടെയുളള ജഡ്ജി നിയമന നീക്കത്തിന് ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ തിരിച്ചടി


16, November, 2026
Updated on 16, November, 2026 9


വാഷിംഗ്ടണ്‍: യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് പരമാവധി ജഡ്ജിമാരെ നിയമിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ തിരിച്ചടി. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നതിനു മുമ്പ് ജുഡീഷ്യല്‍ നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള വൈറ്റ് ഹൗസിന്റെയും റിപ്പബ്ലിക്കന്‍ നേതാക്കളുടെയും ശ്രമങ്ങള്‍ക്കിടെയാണ് മൂന്ന് ജഡ്ജി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇതുവരെ 57 ജഡ്ജിമാരെയാണ് സെനറ്റ് അംഗീകരിച്ചത്. ജില്ലാ കോടതികളിലും അപ്പീല്‍ കോടതികളിലും ആജീവനാന്ത നിയമനം ലഭിക്കുന്ന ജഡ്ജിമാരിലൂടെ അമേരിക്കന്‍ നീതിന്യായ സംവിധാനത്തില്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് ശക്തമായ സ്വാധീനം ഉറപ്പിക്കാനാണ് ട്രംപിന്റെ നീക്കം.


സെനറ്റിന്റെ പാരമ്പര്യമനുസരിച്ച് ഓരോ സംസ്ഥാനത്തെയും ജുഡീഷ്യല്‍ ഒഴിവുകളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ അതത് സംസ്ഥാനങ്ങളിലെ സെനറ്റര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ജില്ലാ കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സെനറ്റര്‍മാര്‍ക്ക് പ്രത്യേക സ്വാധീനവുമുണ്ട്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് നല്‍കുന്ന ബ്ലൂ സ്ലിപ്പ് എന്ന പിന്തുണാ കുറിപ്പ് തടഞ്ഞുവെച്ച് നിയമന നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് വൈറ്റ് ഹൗസ് സ്വന്തം താല്‍പര്യപ്രകാരമുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. യോഗ്യരായ നിരവധി പേരുകള്‍ വൈറ്റ് ഹൗസിന് നല്‍കിയിട്ടും അവ പരിഗണിക്കാതെ സ്വന്തം സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഒക്ലഹോമയില്‍ നിന്നുള്ള സെനറ്റര്‍ അലന്‍ ആംസ്‌ട്രോങ് ആരോപിച്ചു. നോര്‍ത്ത് കരോലിനയിലെ തോം ടില്ലിസും ടെക്‌സസിലെ ജോണ്‍ കോര്‍ണിനും ഉള്‍പ്പെടെയുള്ള സെനറ്റര്‍മാരുടെ നിലപാട് ചില നിയമനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.


അര്‍ക്കന്‍സാസ് സെനറ്റര്‍മാരായ ജോണ്‍ ബൂസ്മാനും ടോം കോട്ടണും എതിര്‍ത്തതിനെ തുടര്‍ന്ന് സെന്റ് ലൂയിസ് ആസ്ഥാനമായ എട്ടാം യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച ലീ റുഡോഫ്‌സ്‌കിയുടെ നാമനിര്‍ദേശം വൈറ്റ് ഹൗസ് പിന്‍വലിച്ചു. പകരം അര്‍ക്കന്‍സാസ് സുപ്രീം കോടതി ജസ്റ്റിസ് ജെ. കോഡി ഹൈലന്‍ഡിനെ നിര്‍ദേശിക്കുകയും ചെയ്തു. ട്രംപുമായി ബന്ധം വഷളായിട്ടുള്ള ടില്ലിസ്, സെനറ്റര്‍മാരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ജഡ്ജി നിയമനങ്ങളില്‍ സെനറ്റര്‍മാര്‍ക്ക് കൂടുതല്‍ പരിഗണനയും ബഹുമാനവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2017 മുതല്‍ 2021 വരെ 234 ജുഡീഷ്യല്‍ നിയമനങ്ങളാണ് നടന്നത്. നിലവിലെ സുപ്രീം കോടതിയിലെ ആറ് യാഥാസ്ഥിതിക ജഡ്ജിമാരില്‍ മൂന്നുപേരും ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിയമിക്കപ്പെട്ടവരാണ്. നിലവിലുളള ഫെഡറല്‍ ജഡ്ജിമാരില്‍ ഏകദേശം മൂന്നിലൊരുഭാഗവും ട്രംപ് നിയമിച്ചവരാണ്.

ഇതിനിടെ, ടെക്‌സസിലെ ഡാളസില്‍ ഫെഡറല്‍ ജഡ്ജിയായി ട്രംപ് നിര്‍ദേശിച്ച ടി. എലിയറ്റ് ഗൈസറിന് പിന്തുണ നല്‍കുന്നതില്‍ കോര്‍ണിന്‍ ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല. ഒഹായോ സ്വദേശിയായ ഗൈസറെ ടെക്‌സസിലെ സെനറ്റര്‍മാരുടെ പതിവ് പരിശോധനാ നടപടികള്‍ ഒഴിവാക്കിയാണ് തിരഞ്ഞെടുത്തതെന്നതാണ് എതിര്‍പ്പിന് കാരണം. നിലവില്‍ നീതിന്യായ വകുപ്പിന്റെ ഓഫീസ് ഓഫ് ലീഗല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്ന ഗൈസര്‍ ട്രംപിന്റെ വിവാദ നയങ്ങള്‍ക്ക് അനുകൂലമായ നിയമോപദേശങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. കോര്‍ണിന്റെ പിന്തുണയില്ലാതെ ബുധനാഴ്ച നടക്കുന്ന ജുഡീഷ്യറി കമ്മിറ്റി ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.


ഒക്ലഹോമ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ അഭിഭാഷകനായ സാക് വെസ്റ്റിന്റെ നിയമനത്തിലും തര്‍ക്കം തുടരുകയാണ്. ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങളെ പിന്തുണച്ചതും മതവിദ്യാലയങ്ങള്‍ക്ക് ചാര്‍ട്ടര്‍ സ്‌കൂള്‍ പദ്ധതിയില്‍ പങ്കാളികളാകാനുള്ള അവകാശത്തെ അനുകൂലിച്ചതും കാരണം യാഥാസ്ഥിതിക നിയമപ്രവര്‍ത്തകരുടെ പ്രശംസ നേടിയ വ്യക്തിയാണ് വെസ്റ്റ്. തുടക്കത്തില്‍ വെസ്റ്റിന് അനുകൂലമായി ബ്ലൂ സ്ലിപ്പ് നല്‍കിയിരുന്ന ആംസ്‌ട്രോങ് പിന്നീട് പിന്തുണ പിന്‍വലിച്ചു. ടില്ലിസും ആംസ്‌ട്രോങിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതോടെ കമ്മിറ്റിയില്‍ വെസ്റ്റിന്റെ നിയമനത്തിന് ആവശ്യമായ വോട്ടുകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. നവംബര്‍ 30ന് സെനറ്റ് വിടുന്ന ആംസ്‌ട്രോങിന് പകരം കെവിന്‍ ഹെര്‍ണ്‍ എത്തുന്നതോടെ നിലപാടില്‍ മാറ്റമുണ്ടാകുമോയെന്നതും നിര്‍ണായകമാണ്. എന്നാല്‍ നിലവില്‍ വെസ്റ്റിന്റെ നിയമനത്തിനെതിരായ നിലപാട് തുടരുമെന്ന് ടില്ലിസ് വ്യക്തമാക്കി. സംസ്ഥാനത്തെ രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പിന്തുണച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഒരാളെങ്കിലും എതിര്‍ത്താല്‍ നിയമനം തടയുമെന്നും അദ്ദേഹം പറഞ്ഞു.




Feedback and suggestions