ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്‍ സൈന്യം


16, November, 2026
Updated on 16, November, 2026 11



​ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് കിഴക്കുഭാഗത്ത് നാവിക മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ) ആണ് വാര്‍ത്ത പുറത്തുവിട്ടത്.

​നിയന്ത്രിത മേഖലയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ മൈനില്‍ ഇടിച്ചതെന്ന് ഐആര്‍ജിസി നാവിക വിഭാഗം വിശദീകരിച്ചു. അപകടസമയത്ത് കപ്പലിന്റെ നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. കപ്പലിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

​ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചതായി സൈന്യം വ്യക്തമാക്കിയെങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ജീവനക്കാരുടെ നിലവിലെ അവസ്ഥയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാല്‍ സംഭവം സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.

​അമേരിക്കന്‍ ഭീഷണികളും പ്രാദേശിക സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ലോകത്തെ ഏറ്റവും നിര്‍ണായകമായ എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലുണ്ടായ പുതിയ സംഭവവികാസം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മേഖലയിലെ കപ്പല്‍ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോള എണ്ണവിപണിയിലും ചലനങ്ങളുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




Feedback and suggestions