യുഎസിൽ വ്യോമഗതാഗത പ്രതിസന്ധി രൂക്ഷം; നാലാം ദിവസവും സർവീസുകൾ മുടങ്ങി


16, November, 2026
Updated on 16, November, 2026 7



​വാഷിങ്ടൺ: അമേരിക്കയിലെ വ്യോമഗതാഗത മേഖലയെ സ്തംഭിപ്പിച്ച പ്രതിസന്ധി തിങ്കളാഴ്ചയും തുടരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) വെള്ളിയാഴ്ച രാജ്യവ്യാപകമായി ഏർപ്പെടുത്തിയ അപൂർവ 'ഗ്രൗണ്ട് സ്റ്റോപ്പ്' ഉത്തരവിനെത്തുടർന്ന് താളംതെറ്റിയ വിമാന സർവീസുകൾ നാലാം ദിവസവും സാധാരണ നിലയിലായില്ല. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.വെള്ളിയാഴ്ച നാലുമണിക്കൂറിലേറെ നീണ്ട നിയന്ത്രണമാണ് രാജ്യത്തെ വ്യോമഗതാഗത ശൃംഖലയാകെ താറുമാറാക്കിയത്. വെള്ളി, ശനി ദിവസങ്ങളിലായി 14,000-ത്തിലധികം സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ മാത്രം 2,291 വിമാനങ്ങൾ റദ്ദാക്കുകയും 18,689 സർവീസുകൾ വൈകുകയും ചെയ്തതായി ഫ്ലൈറ്റ് അവെയർ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ എയർലൈൻസ് (611), ജെറ്റ്ബ്ലൂ (253), സ്കൈവെസ്റ്റ് (207) എന്നീ കമ്പനികളെയാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത്. തിങ്കളാഴ്ച 144 സർവീസുകൾ ഇതിനകം റദ്ദാക്കുകയും 641 എണ്ണം വൈകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഞായറാഴ്ചയോടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാകുമെന്നായിരുന്നു എഫ്എഎ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡിന്റെ അവകാശവാദം. എന്നാൽ വിമാനങ്ങളും ജീവനക്കാരും വിവിധയിടങ്ങളിൽ കുടുങ്ങിയതോടെ പ്രതീക്ഷകൾ തെറ്റി. ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നും അട്ടിമറിയോ നിർമിതബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട പ്രശ്നങ്ങളോ ഇതിനുപിന്നിലില്ലെന്നും ബെഡ്ഫോർഡ് വ്യക്തമാക്കി.അതേസമയം, യുഎസ് വ്യോമഗതാഗത സംവിധാനത്തിന്റെ പോരായ്മകളാണ് പ്രതിസന്ധി തുറന്നുകാട്ടിയതെന്ന് യുണൈറ്റഡ് എയർലൈൻസ് സിഇഒ സ്കോട്ട് കിർബി വിമർശിച്ചു. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും കാലഹരണപ്പെട്ട സാങ്കേതികവിദ്യ നവീകരിക്കാനും അടിയന്തര നിക്ഷേപം വേണമെന്നും എഫ്എഎയുടെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിയുമായും രാഷ്ട്രീയ നേതൃത്വവുമായും വിഷയം ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.


​




​


​




Feedback and suggestions