28, October, 2026
Updated on 28, October, 2026 4
സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇതിനായി കെഎസ്ഇബി സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയാണ് ആവശ്യപ്പെടുന്നത് എന്നാൽ വില 12.50 രൂപയിലേക്ക് കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി ഉള്ളത്.
സർക്കാർ അനുമതി ലഭിച്ചതിന് ശേഷം മാത്രം റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്കായി അപേക്ഷിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. സംസ്ഥാനത്ത് ടെൻഡറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കരാറുകാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അടുത്തമാസം പീക്ക് അവർ കമ്മി 738 മെഗാവാട്ട് വരെയാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, അടുത്ത വർഷം മെയ് വരെ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ പ്രദേശ് അറിയിച്ചിരിക്കുന്നത്. അവർ വാഗ്ദാനം ചെയ്യുന്ന വൈദ്യുതി ലഭ്യത 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെയാണ്. സർക്കാർതല ചർച്ചകൾ എത്രയും പെട്ടെന്ന് ഫലം കണ്ടില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.