ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം


18, November, 2026
Updated on 18, November, 2026 8


യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാരുടെ രൂക്ഷവിമർശനവും വൻ തർക്കവും. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും മുന്നണിക്കുള്ളിലോ മന്ത്രിസഭയിലോ കൂട്ടായ ചർച്ചകൾ നടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മുതിർന്ന മന്ത്രിമാർ തന്നെ യോഗത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. പുതിയ പി.എസ്.സി (PSC) അംഗങ്ങളുടെ നിയമനപ്പട്ടിക യാതൊരുവിധ മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ മുഖ്യമന്ത്രി നേരിട്ട് മുന്നോട്ടുവെച്ചതാണ് മന്ത്രിസഭായോഗത്തെ പ്രക്ഷുബ്ധമാക്കിയത്.




മന്ത്രി എ.പി. അനിൽകുമാറാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾക്ക് യോഗത്തിൽ തുടക്കമിട്ടത്. പി.എസ്.സി അംഗങ്ങളുടെ നിയമനപ്പട്ടിക ഘടകകക്ഷികളുമായോ മന്ത്രിമാരുമായോ ചർച്ച ചെയ്യാതെയാണ് ഏകപക്ഷീയമായി തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളിലും ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതുകൊണ്ടാണ് വേഗത്തിൽ തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയത്.








Feedback and suggestions