24, October, 2026
Updated on 24, October, 2026 4
ഇസ്താംബുള്‍: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സൈനിക ഉപഗ്രഹ ശൃംഖലയായ സ്റ്റാര്‍ഷീല്‍ഡിലേക്കുള്ള യുക്രൈന്റെ പ്രവേശനം നിയന്ത്രിച്ചത് മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള യുക്രൈന്റെ ശേഷി കുറഞ്ഞത് സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കിടയില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തെ വിമര്‍ശിച്ച കാര്‍ണി, ഇതിന് ഉത്തരവാദികളായവരെ വിശേഷിപ്പിക്കാന്‍ ഉചിതമായ വാക്കുകള്‍ കണ്ടെത്താനാകുന്നില്ലെന്നും വ്യക്തമാക്കി.
സ്റ്റാര്‍ലിങ്കിന്റെ സൈനിക പതിപ്പായ സ്റ്റാര്‍ഷീല്‍ഡിലേക്കുള്ള പ്രവേശനം ഭാഗികമായി നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ചയാണ് യുക്രൈന്‍ അറിയിച്ചത്. റഷ്യയില്‍നിന്നുള്ള മിസൈലുകളുടെയും അതിവേഗ ഡ്രോണുകളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും പ്രതിരോധ ഡ്രോണുകള്‍ക്ക് നിര്‍ദേശം നല്‍കാനും ഈ സംവിധാനം യുക്രൈന്‍ ഉപയോഗിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കാരണം മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.സ്റ്റാര്‍ഷീല്‍ഡ് നിയന്ത്രിക്കാനുള്ള നിര്‍ദേശം വൈറ്റ് ഹൗസില്‍നിന്നാണ് വന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണം നേരിട്ട് ഏര്‍പ്പെടുത്തിയത് മസ്‌കാണെന്ന് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സ്റ്റാര്‍ഷീല്‍ഡ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംവിധാനമാണെന്നും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത് യുഎസ് സൈന്യവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണെന്നും മസ്‌ക് വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ട്രംപ് നിഷേധിച്ചു. ആരാണ് തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.യുക്രൈനു ഉപഗ്രഹ ശൃംഖലയിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും സംവിധാനം ഇപ്പോഴും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സെലന്‍സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു. സ്റ്റാര്‍ഷീല്‍ഡ് നിയന്ത്രണം മൂലം റഷ്യന്‍ ആക്രമണങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമായെന്നും സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായെന്നും യുക്രൈന്‍ ആരോപിക്കുന്നു. കീവില്‍ അടുത്തിടെ നടന്ന ആക്രമണം സാധാരണക്കാരെ നേരിട്ട് ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാര്‍ണിയും ചൂണ്ടിക്കാട്ടി.അമേരിക്കയുടെ ഉപഗ്രഹ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതയും കാര്‍ണി മുന്നോട്ടുവച്ചു. കാനഡ സ്വന്തം പ്രതിരോധശേഷി വികസിപ്പിക്കുകയും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കന്‍ സംവിധാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യുക്രൈന്‍ സ്വന്തം ഉപഗ്രഹ ആശയവിനിമയ ശൃംഖല വികസിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിനായി ഫിന്‍ലന്‍ഡിലെ നോക്കിയ, ഐസിഐഇവൈ കമ്പനികളുമായി സഹകരിക്കുന്നതിനുള്ള ഉദ്ദേശ്യപത്രത്തില്‍ സെലന്‍സ്‌കി ഒപ്പുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.