ലൂവ്ര് മ്യൂസിയം അടച്ചു, നഗരങ്ങളിൽ കർഫ്യൂ, ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്


24, October, 2026
Updated on 24, October, 2026 7


ഫ്രാൻസിൽ ശനി, ഞായർ ദിവസങ്ങളിൽ കനത്ത ജനകീയ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് രാജ്യത്തെ നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചത്തേതിനു സമാനമായ ആക്രമണങ്ങളും അക്രമങ്ങളും ആവർത്തിക്കാതിരിക്കാൻ വലിയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് നഗരഭരണകൂടങ്ങൾ വ്യക്തമാക്കി.വരുംദിവസങ്ങളിൽ യൂണിയനുകൾക്കുമാത്രമേ പ്രതിഷേധം നടത്താൻ അനുമതി നൽകൂ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാരീസിലെ പലഭാഗങ്ങളിലും ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മാഴ്സെ, ലിയോൺ എന്നീ പ്രധാന നഗരങ്ങളിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച എല്ലാ പൊതുഗതാഗത മാർഗങ്ങളും വിലക്കുമെന്ന് മാഴ്‌സെ അധികൃതർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിൻവലിച്ചു.സുരക്ഷ മുൻനിർത്തി ലൂവ്ര് ഉൾപ്പെടെയുള്ള പ്രധാന മ്യൂസിയങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഈ രണ്ടുദിവസം പൂർണ്ണമായി അടച്ചിടും. നഗരങ്ങളുടെ സുരക്ഷയ്ക്കായി 70,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭം ആരംഭിക്കുന്നതിന് മുൻപ് പ്രസിഡന്റ് മാക്രോൺ വിദ്യാർഥി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. രാജ്യത്തെ സ്‌കൂൾ സമ്പ്രദായത്തിന്റെ ശോചനീയാവസ്ഥയ്ക്കും അധ്യാപകക്ഷാമത്തിനുമെതിരേ ചെറിയ രീതിയിൽ തുടങ്ങിയ വിദ്യാർഥിപ്രക്ഷോഭമാണ് ഇപ്പോൾ രാജ്യവ്യാപകമായ വലിയ ജനകീയ സമരമായി പരിണമിച്ചിരിക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ തെരുവിലിറങ്ങിയ ജനം ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ വ്യാപകമായ തീവെപ്പും കൊള്ളയും നടത്തിയിരുന്നു. ഫ്രാൻസിന് പുറമെ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഈ പ്രക്ഷോഭത്തിന്റെ അലയൊലികൾ എത്തിയിട്ടുണ്ട്.














Feedback and suggestions