എച്ച്-1ബി വീസ ശമ്പള പരിധി 140,000 ഡോളറായി ഉയർത്തണം, പുതിയ ബില്ലുമായി റിപ്പബ്ലിക്കൻ നിയമനിർമാതാക്കൾ


18, October, 2026
Updated on 18, October, 2026 6


വാഷിംഗ്ടൺ: യുഎസിലെ എച്ച്-1ബി (H-1B) വീസ പ്രോഗ്രാമിലെ ശമ്പള പരിധി നിലവിലുള്ള 60,000 ഡോളറിൽ നിന്ന് ഏകദേശം 140,000 ഡോളറായി ഉയർത്തുന്നതിനുള്ള പുതിയ ബില്ല് അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി നിയമനിർമാതാക്കൾ. വിദേശ പ്രൊഫഷണലുകളെ കൂടുതലായി ആശ്രയിക്കുന്ന കമ്പനികൾക്ക് കർശനമായ നിയമവ്യവസ്ഥകൾ ബാധകമാക്കുന്നതാണ് ഈ പുതിയ നീക്കം.


വിസ്കോൺസിൻ പ്രതിനിധി ഗ്ലെൻ ഗ്രോത്മാനും ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡുമാണ് ‘പ്രൊട്ടക്റ്റിങ് അമേരിക്കൻ വർക്കേഴ്സ് ത്രൂ എച്ച്-1ബി മോഡേണൈസേഷൻ ആക്ട്’ എന്ന ബില്ല് അവതരിപ്പിച്ചത്. എച്ച്-1ബി വീസക്കാരെ വലിയ തോതിൽ ജോലിക്കെടുക്കുന്ന കമ്പനികൾ അമേരിക്കൻ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ നിശ്ചിത ശമ്പളപരിധിക്ക് മുകളിൽ വരുമാനമുള്ളവരെയോ ഉയർന്ന ബിരുദമുള്ളവരെയോ ഈ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പരിധിയാണ് പുതിയ ബില്ലിലൂടെ മാറ്റാൻ ലക്ഷ്യമിടുന്നത്.


പുതിയ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ


1998-ൽ നിശ്ചയിച്ചതിന് ശേഷം ഇതുവരെ മാറ്റമില്ലാതെ തുടരുന്ന 60,000 ഡോളർ ശമ്പള പരിധിയാണ് ഈ ബില്ലിലൂടെ പരിഷ്കരിക്കുന്നത്. എല്ലാ എച്ച്-1ബി വീസക്കാർക്കും കുറഞ്ഞ ശമ്പളം 140,000 ഡോളർ ആയിരിക്കുമെന്നല്ല ഇത് അർത്ഥമാക്കുന്നത്, മറിച്ച് അധിക സുരക്ഷാ മാനദണ്ഡങ്ങളിൽ നിന്ന് കമ്പനികൾക്ക് ഇളവ് ലഭിക്കാനുള്ള ശമ്പള പരിധിയാണ് ഉയർത്തുന്നത്. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ ദേശീയ ശരാശരി വേതന സൂചികയുടെ ഇരട്ടിയാണ് പുതിയ പരിധിക്കായി കണക്കാക്കുന്നത്. ഇതുപ്രകാരമാണ് നിലവിലെ ശരാശരി വേതനത്തിന്റെ അടിസ്ഥാനത്തിൽ തുക 140,000 ഡോളർ ആകുമെന്ന് കണക്കാക്കുന്നത്. ശരാശരി വേതനത്തിനനുസരിച്ച് ഈ തുകയിൽ മാറ്റങ്ങൾ വരാം.


നിലവിലുള്ള നിയമപ്രകാരം, എച്ച്-1ബി വീസക്കാരെ ജോലിക്കെടുക്കുന്നതിന് മുൻപ് അമേരിക്കൻ പൗരന്മാരെ നിയമിക്കാൻ ശ്രമിച്ചിരുന്നു എന്ന് കമ്പനികൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ വർഷം 60,000 ഡോളറോ അതിൽ കൂടുതലോ സമ്പാദിക്കുന്ന ജീവനക്കാരെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് പുതിയ ബില്ലിലൂടെ കർശനമാക്കാൻ ശ്രമിക്കുന്നത്. ശമ്പള പരിധി വളരെ കുറവായതുകൊണ്ട് കാലഹരണപ്പെട്ട ഈ രീതി ഉപയോഗിച്ച് കമ്പനികൾ അമേരിക്കൻ തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കുന്നുണ്ടെന്ന് സെനറ്റർ ജോൺ ഹസ്റ്റഡ് ചൂണ്ടിക്കാണിച്ചു.നിയമനിർമാണ പ്രക്രിയയുടെ പ്രാഥമിക ഘട്ടത്തിലാണ് ഈ ബില്ലിപ്പോൾ ഉള്ളത്. ഒക്ടോബർ 14-ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയ്ക്കായി ഇത് സമർപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അനുമതി ലഭിക്കുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും ചെയ്താൽ മാത്രമേ ഇത് നിയമമായി നടപ്പിലാകൂ. യുഎസിലെ പ്രമുഖ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധി വിദേശ പ്രൊഫഷണലുകളെ ഈ പുതിയ നിയമം ബാധിച്ചേക്കാം. എച്ച്-1ബി വീസ പ്രോഗ്രാമിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം വാഷിംഗ്ടണിൽ സജീവമാണ്. അതേസമയം, സവിശേഷമായ തൊഴിൽ വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ രാജ്യത്തിന് ആവശ്യമാണെന്നാണ് ടെക് കമ്പനികളുടെ വാദം. ബില്ലിന്റെ തുടർനടപടികൾ യു.എസിലെ കുടിയേറ്റ ചർച്ചകളിൽ നിർണായകമാകും.




Feedback and suggestions