പാർലമെന്റിൽ പ്രത്യേക സമ്മേളനത്തിന് നീക്കം; വനിതാ സംവരണത്തിനും മണ്ഡല പുനർനിർണയത്തിനും ഭൂരിപക്ഷം ഉറപ്പിക്കുമോ?


17, October, 2026
Updated on 17, October, 2026 2


വനിതാ സംവരണം നടപ്പാക്കുന്നതും ലോക്‌സഭയിലെ അംഗസംഖ്യ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതികൾക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ വീണ്ടും നീക്കമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം സമ്മേളനം ചേരുമെന്നാണ് അഭ്യൂഹം. എന്നാൽ, ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നതാണ് പ്രധാന വെല്ലുവിളി. വനിതാ സംവരണത്തോടൊപ്പം മണ്ഡല പുനർനിർണയവും നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


ഓഗസ്റ്റ് 13ന് അവസാനിച്ച വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. നവംബർ അവസാനം ശീതകാല സമ്മേളനം തുടങ്ങേണ്ട സാഹചര്യത്തിൽ, നിലവിലെ സമ്മേളനത്തിന്റെ ഔദ്യോഗിക സ്ഥിതിയിലെ അനിശ്ചിതത്വമാണ് പ്രത്യേക സമ്മേളനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. വനിതാ സംവരണം നടപ്പാക്കാൻ 131-ാം ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബിൽ എന്നിവ കൊണ്ടുവരാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.543 അംഗങ്ങളുള്ള ലോക്‌സഭയിൽ മൂന്ന് ഒഴിവുകളുണ്ട്. എൻ.ഡി.എയ്ക്ക് 318 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണ ആവശ്യമാണ്. ഡി.എം.കെയിലെ 22 അംഗങ്ങൾ പിന്തുണച്ചാൽ അംഗബലം 340 ആകുമെങ്കിലും 20 പേരുടെ കുറവുണ്ടാകും. 245 അംഗങ്ങളുള്ള രാജ്യസഭയിലും മൂന്ന് ഒഴിവുകളുണ്ട്. അവിടെ എൻ.ഡി.എയ്ക്ക് 153 അംഗങ്ങളുടെ പിന്തുണയുള്ളപ്പോൾ ബിൽ പാസാക്കാൻ 162 പേരുടെ പിന്തുണ വേണം. അതായത് ഒമ്പത് പേരുടെ പിന്തുണ കൂടി ഉറപ്പാക്കണം. ചെറുകക്ഷികളുടെ സഹായം തേടാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കുന്നതായാണ് റിപ്പോർട്ട്.


അതേസമയം, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് അയയ്ക്കുന്ന നാലാമത്തെ കത്താണിതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയും നിർദേശങ്ങൾ വിശദമായി പഠിക്കാൻ സമയം നൽകാതെയും ഭരണഘടനാ ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രത്യേക സമ്മേളനം വിളിക്കുമോ, ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനാകുമോ എന്നതിലാണ് ഇനി ശ്രദ്ധ.






Feedback and suggestions