ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം


18, October, 2026
Updated on 18, October, 2026 4



ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് വ്യക്തമാക്കി. നിയമങ്ങൾ പാലിക്കുന്ന ഏത് കമ്പനിയും മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ എല്ലാവരും ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്റ്റാർലിങ്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ റെഗുലേറ്റർമാരുമായും ഓപ്പറേറ്റർമാരുമായും കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തങ്ങൾ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ ഉപഭോക്താക്കൾക്കായി സുരക്ഷിതമായി ഡാറ്റ കൈമാറാൻ ആവശ്യമായ ഗേറ്റ്‌വേകളും നെറ്റ്‌വർക്ക് സംവിധാനങ്ങളും സർക്കാർ അനുമതിയോടെ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.


മത്സരത്തെ തങ്ങൾ ഒരിക്കലും ഭയക്കാറില്ലെന്നും മികച്ച സേവനം നൽകുന്നവരെ ഉപഭോക്താക്കൾ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ജിയോയുടെ വളർച്ചയെന്നും റിലയൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എല്ലാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനികളെയും സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ജിയോ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും നയങ്ങളും കൃത്യമായി പാലിക്കണം എന്നും റിലയൻസ് കൂട്ടിച്ചേർത്തു. വിദേശ കമ്പനികൾക്ക് ഉൾപ്പെടെ ഇന്ത്യയിൽ നിക്ഷേപത്തിനുള്ള അവസരമുണ്ടെന്നും എന്നാൽ ഇത് നിയമവ്യവസ്ഥയ്ക്ക് വിധേയമായിരിക്കണമെന്നും കമ്പനി വ്യക്തമാക്കി. സാറ്റലൈറ്റ് ലൈസൻസുകൾ നേടിയ മറ്റ് ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും റിലയൻസ് ചൂണ്ടിക്കാണിച്ചു.


ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിപണിയിൽ ചിലർ കുത്തക നിലനിർത്താൻ ശ്രമിക്കുന്നുവെന്ന് ഇലോൺ മസ്ക് മുൻപ് ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ റെഗുലേറ്ററി സംവിധാനങ്ങൾ വിവേചനപരമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. സ്റ്റാർലിങ്ക്, റിലയൻസിന്റെ ജിയോ സാറ്റ്‌കോം, ഭാരതി എന്റർപ്രൈസസിന്റെ പിന്തുണയുള്ള യൂടൽസാറ്റ് വൺവെബ് തുടങ്ങിയ കമ്പനികൾ ഇതിനോടകം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ലൈസൻസുകൾ ലഭിച്ചതുകൊണ്ട് മാത്രം വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്നും, സുരക്ഷാ വ്യവസ്ഥകൾ പാലിച്ചും സ്പെക്ട്രം അലോട്ട്‌മെന്റ് പൂർത്തിയായ ശേഷമേ സേവനങ്ങൾ നൽകാനാകൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.




Feedback and suggestions