ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; 80 കിലോ പഴകിയ ഇറച്ചിയും മീനും പിടിച്ചെടുത്തു


18, October, 2026
Updated on 18, October, 2026 12


തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും കേടുവന്നതുമായ ഭക്ഷണസാധനങ്ങൾ പിടികൂടി. പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാർത്ഥങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.പഴകിയതും കേടുവന്നതുമായ 80 കിലോയോളം ഇറച്ചിയും മീനും പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളുമാണ് പിടിച്ചെടുത്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ശുചിത്വം, സുരക്ഷിതമായ സംഭരണരീതികൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമായി തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നിലവിൽ ആദ്യഘട്ടമെന്ന നിലയിലാണ് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലെ പരിശോധനയിൽ നിയമലംഘനങ്ങൾ ആവർത്തിച്ചാൽ സ്ഥാപനങ്ങളുടെ പേരുകൾ ഉൾപ്പെടെ വെളിപ്പെടുത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ താക്കീത് നൽകി. കൂടാതെ രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക നൈറ്റ് സ്ക്വാഡ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.






Feedback and suggestions