16, October, 2026
Updated on 16, October, 2026 3
ബെന്ഡില്( ഒറിഗണ്): യുഎസിലെ ഒറിഗണ് സംസ്ഥാനത്തെ ബെന്ഡിലുള്ള സില്വര് റെയില് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില് മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സ്കൂളില് അതിക്രമിച്ചുകയറിയ അക്രമി വെടിയുതിര്ത്തത്. സംഭവത്തില് അഞ്ചു വയസും എട്ടുവയസും പതിനൊന്നു വയസുമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര് അറിയിച്ചു. വെടിവെപ്പില് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുള്ള കുട്ടിയെയും 54 വയസുള്ള അധ്യാപികയെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.
സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന 16കാരന് വെടിയേറ്റ് മരിച്ചു. ഇയാള്ക്ക് വെടിയേറ്റത് ആരില്നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണങ്ങള് ഉള്പ്പെടെയുള്ള കാര്യങ്ങളില് അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് സ്കൂളിന് പുറത്തുള്ള കാറിനുനേരെ വെടിവെച്ചെന്ന വിവരം പൊലീസിന് ലഭിച്ചത്. ഒരു മിനിറ്റിനുള്ളില് സ്കൂളിനുള്ളില്നിന്ന് നിരവധി അടിയന്തര സഹായവിളികള് ലഭിച്ചതായി പൊലീസ് വക്താവ് ഷീല മില്ലര് പറഞ്ഞു. ഒരാള് സ്കൂളില് പ്രവേശിച്ച് വെടിയുതിര്ക്കുകയാണെന്നായിരുന്നു വിളിച്ചവരുടെ വിവരം. മിനിറ്റുകള്ക്കുള്ളില് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര് നിമിഷങ്ങള്ക്കകം പ്രതി നിലത്തുവീണതായി കണ്ടെത്തി. തുടര്ന്ന് ക്ലാസ് മുറികള് ഓരോന്നായി പരിശോധിച്ച് വിദ്യാര്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. കുട്ടികളുടെ കുടുംബാംഗങ്ങള്ക്ക് അവരെ തിരിച്ചുകൂട്ടുന്നതിനായി സമീപത്തെ പള്ളിയില് സൗകര്യവും ഒരുക്കി.
സംഭവത്തില് അന്വേഷണം നടത്താന് ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനും (എഫ്ബിഐ) രംഗത്തെത്തി. എഫ്ബിഐ ഡയറക്ടര് കാഷ് പട്ടേല് അന്വേഷണത്തില് സഹായിക്കാന് ഉദ്യോഗസ്ഥര് സ്ഥലത്തുണ്ടെന്ന് അറിയിച്ചു. മദ്യ, പുകയില, തോക്കുകള്, സ്ഫോടകവസ്തുക്കള് എന്നിവയുമായി ബന്ധപ്പെട്ട ഫെഡറല് അന്വേഷണ ഏജന്സിയായ എടിഎഫിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചതായി റിപ്പോര്ട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും സമൂഹം അനുഭവിക്കുന്ന വേദന വാക്കുകള്കൊണ്ട് വിവരിക്കാനാകില്ലെന്നും ബെന്ഡ്-ലാ പൈന് സ്കൂള്സ് സൂപ്രണ്ട് സ്റ്റീവന് കുക്ക് പ്രതികരിച്ചു. വിദ്യാര്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും പരിചരണവുമാണ് അടിയന്തര മുന്ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.