4, October, 2026
Updated on 4, October, 2026 6
തിരുവനന്തപുരം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. 20 വർഷം മുമ്പ് തീർപ്പാക്കിയ കേസിലാണ് ആഭ്യന്തര വകുപ്പ് വീണ്ടും അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കെഎസ്ടിപി അഴിമതി ആരോപണവും പതിബെൽ കമ്പനി മാനേജർ ലീസീബിന്റെ മരണവുമാണ് അന്വേഷണ പരിധിയിൽ വരുന്നത്. കേസിൽ അന്ന് തീർപ്പാക്കിയ ഫയലുകൾ വീണ്ടും തുറക്കാനാണ് സർക്കാർ നീക്കം.
കെപിസിസി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
2006-ൽ ഗ്യാനേഷ് കുമാർ കേരള കേഡറിൽ പൊതുമരാമത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അങ്കമാലി - തിരുവനന്തപുരം എംസി റോഡ് വികസന പദ്ധതിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിന്റെ (കെഎസ്ടിപി) കരാർ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൺസോർഷ്യമായ 'പതിബെൽ' കമ്പനിയുടെ പ്രോജക്ട് മാനേജറും മലേഷ്യൻ സിവിൽ എഞ്ചിനിയറുമായ ലീസീബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസാണിത്. മലേഷ്യൻ കമ്പനിയായ 'പിതി'യും കൊച്ചിയിലെ 'ഭഗീരഥ' കമ്പനിയും ചേർന്ന കൂട്ടുകെട്ടായിരുന്നു പതിബെൽ. ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക വിഷമങ്ങളും കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീസീബിന്റെ ആത്മഹത്യാ കുറിപ്പ്. കമ്പനിക്ക് ലഭിക്കേണ്ട 13 കോടി രൂപയുടെ അവസാന ഘട്ട ബില്ലുകൾ ഗ്യാനേഷ് കുമാറും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് വൈകിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ നിർമ്മാണം വൈകിപ്പിച്ചതിന് കമ്പനിക്ക് നൽകിയ പിഴയായിരുന്നു ഇതെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ അന്നത്തെ വിശദീകരണം.സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ ഇടപെട്ട് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പദ്ധതിയുടെ പണം കൈമാറുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീർപ്പാക്കിയ കേസ് സർക്കാർ വീണ്ടും പുനരന്വേഷിക്കുന്നത്.