29, September, 2026
Updated on 29, September, 2026 3
മാസപ്പടി അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിയെ സംസ്ഥാന സർക്കാർ കോടതിയിൽ ശക്തമായി എതിർത്തു. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാൻ കഴിയൂ എന്നും അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വാദിച്ചു. ഇഡി നൽകിയ വിവരങ്ങൾ വെച്ച് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.എന്നാൽ, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നൽകിയ കത്തും മൊഴിപ്പകർപ്പ് അടക്കമുള്ള തെളിവുകളും ഇഡി കോടതിയിൽ ഹാജരാക്കി. പൂർണമായ മൊഴിപ്പകർപ്പ് നൽകിയിട്ടില്ലെന്നായിരുന്നു ഇതിന് ഇഡിയുടെ മറുപടി. കേസ് എടുക്കാൻ മൊഴി വിവരങ്ങൾ ആവശ്യമില്ലെന്നും തെളിവുകൾ കത്തിലുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടാൽ മൊഴിപ്പകർപ്പ് നൽകാൻ തയ്യാറാണെന്നും ഇഡി വ്യക്തമാക്കി.കേസ് എടുക്കണമെന്ന നിലപാട് ആവർത്തിച്ച ഇഡി, ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കാൻ അവകാശമുണ്ടെന്നും വാദിച്ചു. ഇഡി പൊലീസിനെപ്പോലെ അന്വേഷണ ഏജൻസിയല്ലെന്നും വിവര ശേഖരണവും തുടർനടപടികളുമാണ് അവരുടെ പരിധിയിൽ വരുന്നതെന്നും സർക്കാർ വാദിച്ചെങ്കിലും, ഇഡി ഒരു അന്വേഷണ ഏജൻസി തന്നെയാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.