25, September, 2026
Updated on 25, September, 2026 4
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനി പ്പിക്കുന്നതിനുമായി വിപുലമായ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമായി അമേരിക്കയ്ക്ക് മുന്നില്‍ ഏഴുദിന പദ്ധതി മുന്നോട്ടുവച്ച് ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേ ളനത്തിലാണ് പുതിയ നിര്‍ദേശം വെളിപ്പെടുത്തിയത്.
ചില നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഏഴാം ദിവസത്തോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും തുടര്‍ന്ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്നാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥ.പുതിയ നിര്‍ദേശം ഇടനിലക്കാര്‍ വഴിയാണ് വൈറ്റ് ഹൗസിന് കൈമാറിയതെന്ന് അരാഗ്ചി പറഞ്ഞു.പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ ഉണ്ടാക്കാന്‍ ഇറാന് തിരക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ധാരണയിലെത്തുന്നത് കൂടുതല്‍ ഉചിതമായിരി ക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഭരണകൂടം പദ്ധതി അംഗീകരിക്കുന്ന നിമിഷം മുതല്‍ സമയക്രമം ആരംഭിക്കുമെന്നും ഏഴു ദിവസത്തിന് ശേഷം കടലിടുക്ക് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . അതേസമയം, ഏഴുദിന നടപടിക്രമത്തില്‍ ഇറാന്റെ ആണവ പരിപാടി യുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.ചര്‍ച്ചകള്‍ ഇടനിലക്കാര്‍ വഴി ക്രിയാത്മകമായി പുരോഗമിക്കുന്നുണ്ടെങ്കിലും ധാരണയിലെത്താന്‍ അമേരിക്ക തിടുക്കം കാണിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് ശക്തമായ നിയന്ത്രണമുണ്ടെന്നും അതിനാല്‍ ധാരണയ്ക്കായി തിടുക്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂണിലെ ധാരണ തകരാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഹോര്‍മുസില്‍ ഇറാനു നിയന്ത്രണമുണ്ടെന്ന വ്യാഖ്യാനം ടെഹ്‌റാന്‍ നടത്തിയതാണെന്നും യുഎസും പ്രാദേശിക സഖ്യകക്ഷികളും ഇത് അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെങ്കിലും ശക്തിപ്രയോഗത്തിന്റെ ഭാഷ അംഗീകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കില്ലെന്നും സമാധാനപരമായ ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള അവകാശം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക സമ്മര്‍ദത്തിലൂടെ ഇറാനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കാനുള്ള ശ്രമങ്ങളെയും പെസെഷ്‌കിയാന്‍ വിമര്‍ശിച്ചു. യുദ്ധഭീഷണികള്‍ ഒഴിവാക്കാന്‍ രാജ്യത്തിന് മതിയായ ശക്തി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.