18, September, 2026
Updated on 18, September, 2026 3
ന്യൂഡൽഹി: വികസിത് ഭാരത് ലക്ഷ്യമിട്ട് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും പങ്കാളിത്തവും ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും നിർണായക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. സെപ്റ്റംബർ 18, 19 തീയതികളിലായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗമാണിത്.
വികസിത് ഭാരതിലേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക യാത്രയ്ക്ക് ആവശ്യമായ ധനസമാഹരണം, കേന്ദ്ര-സംസ്ഥാന നയങ്ങളിലെ ഏകോപനം, സംസ്ഥാനങ്ങളുടെ വികസന മുൻഗണനകൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. മാക്രോ ഇക്കണോമിക് സ്ഥിതിഗതികൾ, കാർഷിക മേഖലയിലെ മാറ്റങ്ങൾക്ക് ആവശ്യമായ ധനസഹായം, ഊർജമാറ്റത്തിനുള്ള സാമ്പത്തിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക സെഷനുകളും ഉണ്ടാകും. സംസ്ഥാനങ്ങളിലേക്കുള്ള GST 2.0-ന്റെ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയാകും.കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ് നൽകിയിരിക്കുന്ന വിവരം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ 15-ാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ് മുഖ്യപ്രഭാഷണം നടത്തും. സാമ്പത്തിക വികസനത്തിനുള്ള ധനസഹായം സംബന്ധിച്ച സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടും യോഗത്തിൽ അവതരിപ്പിക്കും.വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താം എന്നതിലേക്കാണ് രണ്ട് ദിവസത്തെ ചർച്ചകൾ പ്രധാനമായും നീളുന്നത്. കാർഷിക മേഖല, ഊർജമാറ്റം, GST 2.0, സ്വകാര്യ ധനസഹായം തുടങ്ങിയ വിഷയങ്ങളും ഇതിന്റെ ഭാഗമായി ഉയരും