7, September, 2026
Updated on 7, September, 2026 2
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോരാട്ട വീര്യമായ 40 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളുടെ സമഗ്ര അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമുള്ള നിർണ്ണായക പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകാനൊരുങ്ങുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിരോധ സംഭരണ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) മുന്നോട്ടുവെച്ച ഈ വൻകിട നിർദ്ദേശം പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷം 20 വിമാനങ്ങളുടെ ഓവർഹോളിങ് പദ്ധതിയാണ് എച്ച്എഎൽ നിർദ്ദേശിച്ചിരുന്നതെങ്കിൽ, നിലവിൽ അത് 40 വിമാനങ്ങളാക്കി ഇരട്ടിയാക്കിയാണ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത പങ്ക് വഹിക്കുന്ന വ്യോമസേനയുടെ നിലവിലെ സ്ക്വാഡ്രൺ ശേഷി നിലനിർത്താനും യുദ്ധസജ്ജത ഉറപ്പാക്കാനും ഈ പദ്ധതി നിർണ്ണായകമാണ്.
നിലവിൽ വ്യോമസേനയുടെ പക്കലുള്ള 260 ഓളം സുഖോയ് വിമാനങ്ങളുടെ പ്രവർത്തനക്ഷമതയും ആയുസ്സും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക അനുമതിയായ 'അക്സപ്റ്റൻസ് ഓഫ് നെസസിറ്റി' (എഒഎൻ) തേടുന്നത്. ആഭ്യന്തര സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി വിമാനങ്ങളെ ആധുനികവൽക്കരിക്കുന്ന പദ്ധതിക്ക് പുറമെ, നിലവിലുള്ള വിമാനങ്ങളെ യാന്ത്രികമായി കാര്യക്ഷമമാക്കി പറക്കാൻ സജ്ജമാക്കുകയാണ് ഈ സമഗ്ര ഓവർഹോളിംഗിലൂടെ ഉദ്ദേശിക്കുന്നത്.
സുഖോയ് വിമാനങ്ങൾക്ക് പുറമെ കരസേനയുടെയും നാവികസേനയുടെയും വിവിധ ആയുധ സംഭരണ ശുപാർശകളും ഇന്നത്തെ യോഗം വിശദമായി ചർച്ച ചെയ്യും. കൗൺസിലിന്റെ അനുമതി ലഭിക്കുന്നതോടെ എച്ച്എഎല്ലിന്റെ നേതൃത്വത്തിൽ അതിവേഗം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.