6, September, 2026
Updated on 6, September, 2026 6
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണ്ണമായി ന്യായീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതികളുണ്ടെങ്കിലും പ്രവർത്തകർ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യണമെന്നും ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിലകൊള്ളുന്നത് തെറ്റാണെന്ന് അണികൾ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ പാർട്ടിക്കുള്ളിൽ മാത്രമാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും പ്രവർത്തകർക്ക് തെറ്റുപറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പാർട്ടി നിലവിൽ ആന്തരിക ചികിത്സയിലാണെന്നും തിരുത്തലുകൾക്കായി ചിലപ്പോൾ കർശന നടപടികൾ (‘ചവിട്ടിപ്പിഴിയൽ’) വേണ്ടിവരുമെന്നും എം.എ. ബേബി പറഞ്ഞു. പ്രവർത്തകർക്ക് തെറ്റുപറ്റാൻ ഇടയായത് പാർട്ടിയുടെ നിലപാടുകൾ കാരണമാണോ എന്ന് പരിശോധിക്കും. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്നും പാർട്ടിയുടെ എല്ലാ തലങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാൻ പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. വിശാല സംസ്ഥാന സമിതിയിൽ വിമർശനങ്ങൾ ഒഴിവാക്കി പിന്തുണ ഉറപ്പാക്കാൻ നേതൃത്വം ജില്ലാതല നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്.നേതൃമാറ്റമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ട മാത്രമാണെന്നും തിരുത്തലുകൾ എന്നത് തുടർച്ചയായി നടക്കുന്ന പ്രക്രിയയാണെന്നും ബേബി വ്യക്തമാക്കി. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയായ ചില കാര്യങ്ങൾ പാർട്ടിയിലും കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.