6, September, 2026
Updated on 6, September, 2026 8
രാജ്യത്തെ ബഹിരാകാശ വിക്ഷേപണ ശേഷി വിപുലപ്പെടുത്തി 2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്നു. അതിവേഗം വളരുന്ന സ്വകാര്യ ബഹിരാകാശ മേഖലയെ സമ്പൂർണ്ണ വാണിജ്യ ആവാസവ്യവസ്ഥയാക്കി മാറ്റുകയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) ചെയർമാൻ പവൻ ഗോയങ്ക വ്യക്തമാക്കി.
അഞ്ച് വർഷം മുൻപ് ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തപ്പോൾ ഐഎസ്ആർഒയെ പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കുക, ഒപ്പം സ്വകാര്യ വ്യവസായങ്ങളെ ശാക്തീകരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും അവ രണ്ടും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം രാജ്യത്തിന്റെ ബൃഹത്തായ പദ്ധതികളെക്കുറിച്ച് മനസ്സ് തുറന്നത്.
അഞ്ച് വർഷം മുൻപ് വിരലിലെണ്ണാവുന്ന സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 450-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്. കേവലം മാതൃകകൾ നിർമ്മിക്കുന്നതിനപ്പുറം ഭ്രമണപഥത്തിലേക്ക് റോക്കറ്റുകൾ വിജയകരമായി വിക്ഷേപിക്കാൻ വരെ ഇന്ത്യൻ സ്വകാര്യ കമ്പനികൾ പ്രാപ്തി നേടിയിട്ടുണ്ട്. നിലവിൽ 9 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അടുത്ത ഒരു ദശകത്തിനുള്ളിൽ 40 മുതൽ 45 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
കൂടുതൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിച്ച് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ സ്വകാര്യ മേഖല തയ്യാറാകണമെന്നും, ഇന്ത്യയിൽ നിർമ്മിക്കുക, ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുക, അതുവഴി ലോകത്തിന് മുഴുവൻ സേവനം നൽകുക എന്ന കാഴ്ചപ്പാടാണ് മുന്നിലുള്ളതെന്നും ഗോയങ്ക കൂട്ടിച്ചേർത്തു. ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ നിന്ന് നിരീക്ഷണം നടത്താൻ ശേഷിയുള്ളതും ദുരന്ത നിവാരണം, കൃഷി, പ്രതിരോധ നിരീക്ഷണം എന്നിവയ്ക്ക് മുതൽക്കൂട്ടാകുന്നതുമായ ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിലൂടെ രാജ്യം ബഹിരാകാശ രംഗത്ത് മറ്റൊരു നിർണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.