ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം"; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി


3, September, 2026
Updated on 3, September, 2026 4


സമീപ വർഷങ്ങളിലായി ഇന്ത്യൻ വിപണിയിലും തീൻമേശകളിലും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന അവക്കാഡോയുടെ സവിശേഷ ഗുണങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോഷക സമ്പന്നതയ്‌ക്കൊപ്പം രാജ്യത്തെ കർഷകർക്ക് മികച്ച വരുമാനം നേടിത്തരുന്ന വിളയായി അവക്കാഡോ മാറുകയാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് അധികമാരും ശ്രദ്ധിക്കാതിരുന്നതും കുറഞ്ഞ ഡിമാൻഡ് മാത്രമുണ്ടായിരുന്നതുമായ ഈ ഫലം ഇന്ന് പ്രീമിയം-ഹെൽത്ത് മാർക്കറ്റുകളിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.നഗരങ്ങളിലെ റെസ്റ്റോറന്റുകളിൽ അവക്കാഡോ ടോസ്റ്റുകൾ മാത്രം കണ്ടിരുന്നിടത്ത്, കർഷകർ ഇതൊരു മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റിയതിന്റെ ഉദാഹരണമായി ആന്ധ്രാപ്രദേശിലെ കർപയിൽ നിന്നുള്ള വരദരാജ് എന്ന കർഷകന്റെ അനുഭവവും പ്രധാനമന്ത്രി പങ്കുവെച്ചു. വർഷങ്ങളോളം തക്കാളിയും വാഴയും കൃഷി ചെയ്തിരുന്ന വരദരാജ്, സുഹൃത്തിന്റെ തോട്ടത്തിൽ അവക്കാഡോ കണ്ടതിനു ശേഷം ഇന്റർനെറ്റ് വഴിയാണ് ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയത്.തുടർന്ന് ശാസ്ത്രീയമായ രീതികളും നേരിട്ടുള്ള വിപണനവും വഴി നാല് ടണ്ണോളം അവക്കാഡോ ഉത്പാദിപ്പിച്ച് പ്രാദേശിക കടകളിൽ വിതരണം ചെയ്ത് സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിൽ അദ്ദേഹം വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കുന്ന അവക്കാഡോകൾ പ്രഭാതഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, കർഷകരുടെ കീശ നിറയ്ക്കുക കൂടിയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പ്രകൃതി നൽകിയ ഏറ്റവും മികച്ച ഫലങ്ങളിലൊന്നായ അവക്കാഡോയിൽ ആന്റിഓക്‌സിഡന്റുകൾ, ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അവോകാറ്റിൻ ബി രക്താർബുദ കോശങ്ങളെ (ലുക്കീമിയ) നശിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ഒപ്പം പ്രായമാകുമ്പോഴുള്ള കാഴ്ചശക്തി സംരക്ഷിക്കാനും അവക്കാഡോ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.








































Feedback and suggestions