സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കും; മുഖ്യമന്ത്രി വിജയ്


2, September, 2026
Updated on 2, September, 2026 2


ചെന്നൈ: കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്ത് സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ ചുമത്തിയ കേസുകൾ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് അന്നത്തെ സ്റ്റാലിൻ സർക്കാർ തികച്ചും മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


2021 മുതൽ 2026 വരെയുള്ള കാലയളവിലാണ് കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ പ്രതിഷേധിച്ച സംസ്ഥാനത്തിന്റെ നട്ടെല്ലായ കർഷകരെയാണ് സർക്കാർ കേസിൽ കുടുക്കിയത്. സമാനമായ രീതിയിൽ സമരം ചെയ്ത അധ്യാപകർക്കെതിരെയും കേസെടുത്തിരുന്നു. ഈ കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നതിനാൽ നിരവധിയാളുകൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നിരപരാധികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും” എന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും പൂർണ്ണമായും പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് പി.കെ.എമ്മും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമ്മൽ കുമാർ സഭയെ അറിയിച്ചു.




Feedback and suggestions