28, August, 2026
Updated on 28, August, 2026 0
'
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് ഇരട്ടവേഷത്തിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ നെഗറ്റീവ് റിവ്യൂ പങ്കുവെച്ച യൂട്യൂബർമാർക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വക്കീൽ നോട്ടീസ് അയച്ചു. ചിത്രത്തിനെതിരെ വ്യാജമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബെംഗളൂരു കോടതി പുറപ്പെടുവിച്ച താത്കാലിക ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കൾ നടപടി കടുപ്പിച്ചത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപ്ലെക്സ് സോഫ്റ്റ്‌വെയർ കമ്പനി മുഖേന തനിക്ക് നോട്ടീസ് ലഭിച്ചതായി സൂരജ് കുമാർ എന്ന യൂട്യൂബർ ഇമെയിൽ സ്ക്രീൻഷോട്ട് സഹിതം വെളിപ്പെടുത്തിയതിന് പിന്നാലെ, തമിഴ് സിനിമ നിരൂപകനായ പ്രശാന്ത് രംഗസ്വാമിയും തനിക്ക് ലീഗൽ നോട്ടീസ് ലഭിച്ചതായി വ്യക്തമാക്കി രംഗത്തെത്തി.
സിനിമയെ പരിഹസിച്ചുകൊണ്ട് 'മുറുഗൽ റോസ്റ്റ്' ചെയ്തതിനാണ് യാഷും കെവിഎൻ പ്രൊഡക്ഷൻസും ചേർന്ന് തനിക്ക് നോട്ടീസ് അയച്ചതെന്നും, യാഷ് യഥാർത്ഥ ജീവിതത്തിലും മാസ്സ് ആയിരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ അദ്ദേഹം സ്വാധീനമുള്ള ഒരു സാധാരണ സമ്പന്നൻ മാത്രമാണെന്നും പ്രശാന്ത് എക്‌സിൽ കുറിച്ചു. ചിത്രത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നത് തടഞ്ഞ് ഓഗസ്റ്റ് 22-നാണ് ബെംഗളൂരു കോടതി ഇടക്കാല ഉത്തരവ് നൽകിയത്. സെപ്റ്റംബർ 28 വരെയുള്ള ഈ ഉത്തരവ് ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബുക്ക്‌മൈഷോ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ മുൻപും വമ്പൻ തെലുങ്ക്-കന്നഡ ചിത്രങ്ങൾ ഇത്തരത്തിൽ റിവ്യൂ തടയാൻ കോടതിയെ സമീപിച്ച് ഐപ്ലെക്സ് വഴി നോട്ടീസുകൾ അയച്ചിരുന്നു. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.