ഡൽഹിയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടു, 15 എണ്ണം വഴിതിരിച്ചുവിട്ടു


24, August, 2026
Updated on 24, August, 2026 1


ഡൽഹി: ഉത്തരേന്ത്യയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. ഓഗസ്റ്റ് 24 – ന് പെയ്ത ശക്തമായ മഴ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു.ഇതിൽ 12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് മാറ്റിയത്. കൂടാതെ വിമാന സർവീസുകൾ ശരാശരി 32 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇതുവരെ 262 സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും രൂക്ഷമായ ഗതാഗതക്കുരുക്കിലും അമർന്നു. വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയ യാത്രക്കാരും ഈ കുരുക്കിൽപ്പെട്ട് ഏറെ വലഞ്ഞു.സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്ററോളം നീളത്തിലാണ് വലിയ ഗതാഗതക്കുരുക്കുണ്ടായത്.




Feedback and suggestions