​കെ.പി.സി.സി. അധ്യക്ഷനായുള്ള ചർച്ചകൾ സജീവം: നേതാക്കൾ ഡൽഹിയിലേക്ക്


17, August, 2026
Updated on 17, August, 2026 1


​തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ എ.ഐ.സി.സി. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വരുംദിവസങ്ങളിൽ ന്യൂഡൽഹിയിലെത്തും.

​ബുധനാഴ്ചയാണ് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം നിർണായക ചർച്ച നടത്തുന്നത്. നിലവിലെ കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫിന് പകരം പുതിയൊരാളെ കണ്ടെത്താനാണ് നീക്കം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലെത്തി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും വിഷയത്തിൽ അന്തിമതീരുമാനത്തിൽ എത്തിച്ചേരാനായിരുന്നില്ല. ചർച്ചകളുടെ ഭാഗമായി കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

​അതിനിടെ, പാർട്ടി സംഘടന തലത്തിൽ കാര്യക്ഷമമായ അഴിച്ചുപണിയോ പുനഃസംഘടനയോ നടക്കാത്തതിൽ നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. പല ജില്ലകളിലും ഡി.സി.സി.കളുടെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിലയിരുത്തൽ. പൂർണസമയ പാർട്ടി പ്രവർത്തനത്തിനായി, നിലവിൽ എം.എൽ.എ.മാരായ ഡി.സി.സി. അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.




Feedback and suggestions