17, August, 2026
Updated on 17, August, 2026 1
തിരുവനന്തപുരം: മലയാളിയുടെ സംസ്കാരവുമായും ജീവിതവുമായും ഏറ്റവും ചേർന്നുനിൽക്കുന്ന ചിങ്ങമാസം വന്നെത്തി. കർക്കടകത്തിലെ പഞ്ഞവും പേമാരിയും മാറി നാടും നഗരവും ഇനി സമൃദ്ധിയിലേക്ക് ഉണരുകയാണ്. ഓരോ മലയാളിപ്പറ്റത്തിനും സുവർണ്ണ പ്രതീക്ഷകൾ നൽകുന്ന പുതുവർഷപ്പിറവിയാണ് പൊന്നിൻ ചിങ്ങം.പ്രകൃതിപോലും പുതിയ ഭാവത്തിലേക്ക് വഴിമാറുന്ന കാലമാണിത്. എങ്ങും പൂവിളികളും ഓണനാളുകളെ കുറിച്ചുള്ള ഓർമ്മകളും നിറഞ്ഞുനിൽക്കുന്നു. മണ്ണറിഞ്ഞ് അധ്വാനിച്ച്, കാത്തുപരിപാലിച്ച വിളവുകൾ കൊയ്തെടുക്കുന്ന ഈ നാൾ മലയാളിക്ക് കർഷകദിനം കൂടിയാണ്. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ അധ്വാനത്തെ ആദരിക്കുന്നതിനോടൊപ്പം, പ്രകൃതിയോടും കൃഷിയോടുമുള്ള മലയാളിയുടെ ആത്മബന്ധം പുതുക്കാനും ഈ ദിനം വഴിയൊരുക്കുന്നു.സമീപകാലങ്ങളിൽ മണ്ണും മനസ്സും ഉലച്ച ദുരിതപ്പെരുംപെയ്ത്തുകൾ നാം അതിജീവിച്ചത് മലയാളിയുടെ ഒരേ മനസ്സോടെയുള്ള ഒരുമകൊണ്ടു മാത്രമാണ്. ആ അതിജീവനത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും കരുത്തിൽ, കാർഷിക സംസ്കാരത്തിന്റെ തനിമ ചോരാതെ ഇനി നമുക്ക് ഐശ്വര്യത്തിന്റെ പൊന്നോണത്തെ വരവേൽക്കാം.