2, August, 2026
Updated on 2, August, 2026 23
ഇന്ത്യയുടെ ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുമായി 84,084 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണ്ണായക നാഴികക്കല്ലാകുന്ന ‘സമുദ്ര മഥനം’ പദ്ധതിയിലൂടെ ആഴക്കടലിലെ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങൾ വൻതോതിൽ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയുടെ ആകെ ഊർജ ആവശ്യങ്ങളുടെ 85 ശതമാനത്തോളവും ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ ഭാരമാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഈ ചരിത്രപരമായ നീക്കം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC), ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) എന്നിവയുടെ നേതൃത്വത്തിലായിരിക്കും ഈ കൂറ്റൻ പദ്ധതി നടപ്പിലാക്കുക. വരും വർഷങ്ങളിൽ ഇന്ത്യയുടെ തീരദേശ മേഖലകളിലും ആഴക്കടൽ തട്ടുകളിലും വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ കടൽത്തീരങ്ങളിലെയും എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകളിലെയും (EEZ) എണ്ണ സമ്പത്ത് പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡീപ്പ് വാട്ടർ, അൾട്രാ ഡീപ്പ് വാട്ടർ മേഖലകളിൽ എണ്ണക്കിണറുകൾ കുഴിക്കുന്നതിനുള്ള വിദേശ സാങ്കേതിക പങ്കാളിത്തവും സർക്കാർ ഉറപ്പാക്കുന്നുണ്ട്.