കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല! 16 വയസ്സിൽ താഴെയുള്ളവർക്ക് കടുത്ത നിരോധനവുമായി ബ്രിട്ടൻ


15, June, 2026
Updated on 15, June, 2026 3


കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ സർക്കാർ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശന നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇതോടെ ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെ ഈ ചരിത്രപരമായ നിയമത്തിന്റെ പൂർണ്ണരൂപം സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.


പുതിയ നിയമപ്രകാരം ടിക്ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ്, ത്രെഡ്സ്, റെഡ്ഡിറ്റ്, ട്വിച്ച്, കിക്ക് എന്നീ 10 പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്ക് വരുന്നത്. സുരക്ഷിതമെന്ന് കരുതപ്പെടുന്ന ആപ്പുകളിലെ ലൈവ് സ്ട്രീമിംഗിന് കടുത്ത നിയന്ത്രണമുണ്ടാകും എന്ന് മാത്രമല്ല, ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കും. ഇതിന് പുറമെ പ്രായംകൂടിയ കൗമാരക്കാർക്ക് രാത്രികാലങ്ങളിൽ സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്താനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും. കുട്ടികളെ അടിമകളാക്കുന്ന ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ നിർത്തലാക്കാനും കർശനമായ പ്രായപരിശോധന ഉറപ്പാക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്.ഈ ചരിത്രപരമായ നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി യുകെ സർക്കാർ മൂന്ന് മാസത്തെ വിപുലമായ ജനഹിതപരിശോധന നടത്തിയിരുന്നു. 116,000-ത്തിലധികം ആളുകൾ പങ്കെടുത്ത സർവേയിൽ 90 ശതമാനം മാതാപിതാക്കളും ഈ നിരോധനത്തെ പൂർണ്ണമായി പിന്തുണച്ചു. പങ്കെടുത്തവരിൽ 83 ശതമാനത്തിലധികം പേരും സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ കൂടുതൽ അതിന്റെ ദോഷങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. പരാജയപ്പെട്ട പഴയ സംവിധാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പകരം രാജ്യത്തെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും, കുട്ടികളെ ഓൺലൈൻ കെണികളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് നിലവിലെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






Feedback and suggestions