ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; 'പിക്ക്ആക്സ്' മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്


21, July, 2026
Updated on 21, July, 2026 4



വാഷിംഗ്ടൺ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരവെ, ഇറാന്റെ പുതിയ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള 'പിക്ക്ആക്സ് മൗണ്ടൻ' മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈറ്റ് ഹൗസിൽ ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. 


ഇറാന്റെ ഇത്തരം നീക്കങ്ങളെക്കുറിച്ച് അമേരിക്കയുടെ പക്കൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ആണവായുധ നിർമ്മാണത്തെക്കുറിച്ച് ഇറാൻ ചിന്തിക്കുന്ന ഏതൊരു കേന്ദ്രവും അതിശക്തമായി ആക്രമിക്കുമെന്നും ഉടൻ തന്നെ 'പിക്ക്ആക്സ്' മേഖലയിൽ കനത്ത പ്രഹരം ഏൽപ്പിക്കുമെന്നും അത തടയാൻ ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും ട്രംപ് വ്യക്താമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്ന നടാൻസ്, ഫോർഡോ ആണവനിലയങ്ങൾക്ക് പുറമെ ഇറാൻ പണിതുയർത്താൻ ശ്രമിക്കുന്ന പുതിയ സങ്കേതങ്ങൾ നിരീക്ഷണത്തിലാണെന്ന് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കി. 


സമാധാന ചർച്ചകൾക്ക് തങ്ങൾക്ക് താല്പര്യമുണ്ടെന്ന് ഇറാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, പ്രയോജനകരമായ രീതിയിലുള്ള ചർച്ചകൾക്ക് തയ്യാറാകുന്നത് വരെ ഇറാനുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നും ട്രംപ് തുറന്നടിച്ചു. അതേസമയം, മധ്യപൂർവേഷ്യൻ മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിലെ ദാർഖോവിൻ ആണവ നിലയത്തിന് നേരെയും മുൻപ് ആക്രമണം നടന്നിരുന്നു. നിലവിൽ പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം തടസ്സപ്പെടുകയും ഇരുവിഭാഗവും തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, പുതിയ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം ഉണ്ടായാൽ അത് മേഖലയിലെ യുദ്ധ സാഹചര്യം വീണ്ടും അനിയന്ത്രിതമാക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.




Feedback and suggestions