സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ


22, July, 2026
Updated on 22, July, 2026 5



റിയാദ് : മധ്യപൂർവേഷ്യൻ മേഖലയിലെ രാഷ്ടീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവനിലയം സ്ഥാപിക്കാനും യുറേനിയം സമ്പുഷ്ടീകരണ ശേഷി കൈവരിക്കാനും വഴിതുറക്കുന്ന ചരിത്രപരമായ ആണവ സഹകരണ കരാറിനാണ് ട്രംപ് അംഗീകാരം നൽകിയത്. 30 വർഷത്തെ കാലാവധിയുള്ള ഈ വമ്പൻ കരാർ വഴി ശതകോടി ഡോളറിന്റെ നിർമ്മാണ കരാറുകളാണ് അമേരിക്കൻ കമ്പനികൾക്ക് ലഭിക്കാൻ പോകുന്നത്. പുതിയ കരാർ പ്രകാരം സൗദിയിലെ ആണവനിലയ നിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും യു.എസ് കമ്പനികൾക്കായിരിക്കും, ഇത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് മത്സരാർത്ഥികളെ പൂർണ്ണമായും ഒഴിവാക്കാൻ അമേരിക്കയെ സഹായിക്കും. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. 


വരും ദിവസങ്ങളിൽ യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇറാന് നേരെ അമേരിക്കൻ വ്യോമാക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും നിലനിൽക്കെ ട്രംപ് ഭരണകൂടം സൗദിയുമായി ഒപ്പുവെക്കുന്ന ഈ കരാർ വൻ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) കശനമായ അധിക പരിശോധനാ മാനദണ്ഡങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്നതും സൗദി അറേബ്യ ഭാവിയിൽ സ്വന്തമായി ആണവായുധങ്ങൾ നിർമ്മിക്കാൻ ഇടയാക്കുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.


മുൻപ് ഇറാൻ ആണവായുധം നിർമ്മിച്ചാൽ തങ്ങളും ആണവ ശക്തിയാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ അമേരിക്കൻ ഭരണകൂടങ്ങൾ സൗദിയുമായി ഇത്തരം കരാറുകളിൽ ഏർപ്പെടാൻ മടിച്ചുനിൽക്കുകയും, യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കുന്ന 'ഗോൾഡ് സ്റ്റാൻഡേർഡ്' നയം കർശനമാക്കുകയും ചെയ്തിരുന്ന സ്ഥാനത്താണ് ട്രംപ് ഇളവുകളോടെ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ട്രംപ് ഭരണകൂടം ഈ കരാർ അംഗീകാരത്തിനായി യു.എസ് കോൺഗ്രസിന് മുന്നിൽ സമർപ്പിക്കുമ്പോൾ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ജനപ്രതിനിധികളിൽ നിന്നും കടുത്ത ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.




Feedback and suggestions