21, July, 2026
Updated on 21, July, 2026 3
മേഖലയെ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴലിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം പത്താം ദിവസവും പിന്നിടുമ്പോൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം ആഗോള തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ആക്രമണത്തിൽ കപ്പലിലെ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടുകയായിരുന്നു. തങ്ങൾക്കെതിരെയുള്ള വ്യോമാക്രമണം അവസാനിപ്പിക്കാത്ത പക്ഷം ഹോർമുസ് വഴിയുള്ള എണ്ണക്കടത്ത് പൂർണ്ണമായും തടയുമെന്നാണ് ഇറാന്റെ പ്രഖ്യാപനം.ഇറാന്റെ സൈനിക ആസ്ഥാനങ്ങളും കമാൻഡ് സെന്ററുകളും ലക്ഷ്യമിട്ട് സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ തീരദേശ മേഖലകളിൽ അമേരിക്ക ശക്തമായ ബോംബാക്രമണമാണ് അവസാനമായി നടത്തിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈലുകൾ പായിച്ച് ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അതിശക്തമായ പ്രത്യാക്രമണം നടത്തി. ഹോർമുസിന്റെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കാൻ പെന്റഗൺ സകല സന്നാഹങ്ങളും ഉപയോഗിച്ച് വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ ഇറാന്റെ സൈനിക സ്വാധീനത്തെ ചെറുക്കാൻ അമേരിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.അതിനിടെ വിവിധ മേഖലകളിൽ യുഎസ് സൈന്യത്തിന് കനത്ത ആൾനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോർദാനിലുണ്ടായ ശക്തമായ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. കൂടാതെ ഇറാഖിലുണ്ടായ മറ്റൊരു സൈനിക ഏറ്റുമുട്ടലിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതായി പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായി തകർന്നതാണ് പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധക്കളമാക്കി മാറ്റിയത്.ലോകത്തിലെ ആകെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി നിലച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ കടന്ന് കുതിക്കുകയാണ്. ഇതേത്തുടർന്ന് അമേരിക്കയിൽ പെട്രോൾ വില ഗാലന് 4 ഡോളറായി ഉയർന്നു കഴിഞ്ഞു. ഒരു ലോകമഹായുദ്ധത്തിന്റെ സാധ്യതകളിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെ, മേഖലയിലെ സംഘർഷത്തിന് അയവ് വരുത്താനുള്ള അടിയന്തര മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് തിരിച്ചു എന്നാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നുള്ള സൂചന.