15, June, 2026
Updated on 15, June, 2026 3
യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഉദ്ഘാടനത്തിനിടെ നാടകീയ സംഭവങ്ങൾ. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു.സംസ്ഥാനത്ത് സ്ത്രീകൾക്കായി സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഹ്ലാദ പ്രകടനവുമായി ബസിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞത്. മന്ത്രിക്ക് പൊള്ളലേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് അസംതൃപ്തിയോടെ ബസിലെ യാത്ര പെട്ടെന്ന് തന്നെ അവസാനിപ്പിച്ച മന്ത്രി, തന്റെ ഔദ്യോഗിക വാഹനത്തിൽ സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു.അതേസമയം, സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്ക് ഈടാക്കുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ആദ്യഘട്ടത്തിൽ സൗജന്യയാത്ര ഉണ്ടായിരിക്കുന്നതാണ്.