8, June, 2026
Updated on 8, June, 2026 61
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.