പതിനാറാം കേരള നിയമസഭയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ തുടങ്ങി


21, May, 2026
Updated on 21, May, 2026 6


പതിനാറാം കേരള നിയമസഭയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 9 മണിക്ക് പ്രത്യേകമായി സമ്മേളിച്ച സഭയിലാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ . നിയമസഭയിലെ ഭരണപക്ഷത്തെ ഏറ്റവും മുതിർന്ന അംഗമായ ജി. സുധാകരൻ കഴിഞ്ഞ ദിവസം പ്രോ ടെം സ്പീക്കറായി ഗവർണർക്ക് മുൻപാകെ ചുമതലയേറ്റിരുന്നു. പുതിയ അംഗങ്ങൾക്ക് പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് സത്യവാചകം ചൊല്ലി കൊടുക്കുന്നത്.ഇന്നാരംഭിക്കുന്ന പുതിയ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞച്ചടങ്ങുകൾ മാത്രമാണുള്ളത്. അക്ഷരമാല ക്രമത്തിലാണ് (Alphabetical order) നിയമസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുക. ഇതനുസരിച്ച് അക്ഷരമാല ക്രമത്തിൽ ആദ്യ പേരുള്ള ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറാണ് സഭയിൽ ആദ്യം സത്യവാചകം ചൊല്ലുക. അക്ഷരമാല ക്രമത്തിൽ ഏറ്റവും അവസാനമുള്ള സേവ്യർ ചിറ്റിലപ്പള്ളി ആയിരിക്കും ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്യുക.


മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും

പുതിയ യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശൻ അക്ഷരമാല ക്രമത്തിൽ 105-ാമതായാണ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലുക. പുതിയ സഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരമാല ക്രമമനുസരിച്ച് 133-ാമതായാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുക. എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം ഇന്നത്തെ സഭാ നടപടികൾ അവസാനിക്കും.തുടർന്നുള്ള ദിവസങ്ങളിലെ നിയമസഭാ ഷെഡ്യൂൾ ഇപ്രകാരമാണ്:

നാളെ (മേയ് 22) രാവിലെ 9 മണിക്ക് നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും.മേയ് 29-ന് പതിനാറാം കേരള നിയമസഭയിലെ പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ നടത്തും.ജൂൺ 1 മുതൽ 3 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള വിശദമായ ചർച്ചകൾ നിയമസഭയിൽ നടക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തത്സമയ വിവരങ്ങൾ തത്സമയം താഴെ വായിക്കാം.




Feedback and suggestions