ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റഷ്യ


5, April, 2026
Updated on 5, April, 2026 5


ടെഹ്റാൻ/മോസ്കോ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപമുണ്ടായ വ്യോമാക്രമണത്തെത്തുടർന്ന് തങ്ങളുടെ 200ഓളം ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയാണെന്ന് റഷ്യൻ ഔദ്യോഗിക ആണവോർജ്ജ ഏജൻസിയായ റൊസാറ്റം അറിയിച്ചു.ശനിയാഴ്ച രാവിലെ ആണവനിലയത്തിന് സമീപം പതിച്ച മിസൈല്‍ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം നാലാം തവണയാണ് ബുഷെഹർ ആണവനിലയം ലക്ഷ്യം വെക്കപ്പെടുന്നത്.


ആണവനിലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന 198 റഷ്യൻ ജീവനക്കാരുടെ പ്രധാന സംഘത്തെയാണ് ശനിയാഴ്ച മുതല്‍ ഒഴിപ്പിച്ചു തുടങ്ങിയതെന്ന് റൊസാറ്റം സിഇഒ അലക്സി ലിഖാചേവ് വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ജീവനക്കാരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കുന്നുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയതായി ലിഖാചേവ് അറിയിച്ചു. ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, സിവിലിയൻ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് റഷ്യ ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇറാന്റെ ആണവ പദ്ധതിയോടുള്ള റഷ്യയുടെ സഹകരണം നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മേഖലയില്‍ യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് റഷ്യൻ ഉദ്യോഗസ്ഥരുടെ ഈ കൂട്ടത്തോടെയുള്ള മടക്കം വിലയിരുത്തപ്പെടുന്നത്.




Feedback and suggestions