7, January, 2026
Updated on 7, January, 2026 51
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം എഴുതി ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന നേതാവ് എന്ന റെക്കോർഡ് ഇനി സിദ്ധരാമയ്യയ്ക്ക് സ്വന്തം. കോൺഗ്രസിന്റെ തന്നെ ഇതിഹാസ നേതാവായിരുന്ന ഡി. ദേവരാജ് അരസിന്റെ റെക്കോർഡാണ് സിദ്ധരാമയ്യ മറികടന്നത്.
മുൻ മുഖ്യമന്ത്രി ദേവരാജ് അരസ് രണ്ട് ടേമുകളിലായി 2,792 ദിവസമാണ് (7 വർഷവും 239 ദിവസവും) മുഖ്യമന്ത്രി കസേരയിലിരുന്നത്. 1972-77, 1978-80 കാലഘട്ടങ്ങളിലായിരുന്നു ഇത്. 2026 ജനുവരി 7-ന് (ബുധനാഴ്ച) പദവിയിൽ 2,793 ദിവസങ്ങൾ പൂർത്തിയാക്കിയതോടെ സിദ്ധരാമയ്യ ഈ റെക്കോർഡ് തിരുത്തിക്കുറിച്ചു.ഈ നേട്ടത്തെക്കുറിച്ച് പ്രതികരിക്കവേ, റെക്കോർഡുകൾക്ക് പിന്നാലെ താൻ പോയിട്ടില്ലെന്നും ഇത് ജനങ്ങളുടെ അനുഗ്രഹം കൊണ്ടുണ്ടായ യാദൃശ്ചികത മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോലി മറികടന്നതുപോലെയാണിതെന്നും റെക്കോർഡുകൾ എപ്പോഴും തകർക്കപ്പെടാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗമായ കുറുബ സമുദായത്തിൽ നിന്ന് വന്ന് ഇത്രയും വലിയ നേട്ടത്തിലെത്തിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായുള്ള അധികാര വടംവലികൾക്കിടയിലും ഭരണത്തിന്റെ പകുതി കാലാവധി പൂർത്തിയാക്കി മുന്നേറുന്ന സിദ്ധരാമയ്യയ്ക്ക് ഈ നേട്ടം വലിയ കരുത്ത് പകരുന്നു. അഞ്ച് വർഷം തികയ്ക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.