arrest of nuns christian churches protest raj bhavan
30, July, 2025
Updated on 30, July, 2025 3
![]() |
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം
വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു.
അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു. അവര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും ക്ലിമീസ് ബാവ ചോദിച്ചു.
സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു.
ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ ചോദിച്ചു.