ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി; നിർമാണ, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ


14, April, 2026
Updated on 14, April, 2026 3


കൊച്ചി: അസമിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തി​ലെ നിർമാണ, ഉൽപാദന, ഹോട്ടൽ മേഖലക​ൾ പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാതായതോടെ പല സ്ഥാപനങ്ങളും അടച്ചിടൽ ഭീഷണിയിലാണ്​. ബംഗാൾ തെരഞ്ഞെടുപ്പും, ബക്രീദും കഴിഞ്ഞ്​ ജൂൺ പകുതിയോടെ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുകയുള്ളൂവെന്നാണ്​ റിക്രൂട്ട്മെൻറ്​ ഏജൻറുമാർ പറയുന്നത്​. എസ്​ഐആർ പേടിയിലാണ്​ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയത്​. വോട്ട്​ ചെയ്​തില്ലെങ്കിൽ പൗരത്വം പോലും നഷ്​ടപ്പെടുമെന്ന രീതിയിൽ നാട്ടിൽ നിന്ന്​ വിളിയെത്തിയ​തോടെ ​പെ​ട്ടെന്നായിരുന്നു മടക്കം. ഇ​തോ​ടെ​ എന്ത്​ ​ചെയ്യണമെന്ന്​ അറിയാതെ സ്ഥാപന ഉടമകൾ പ്രതിസന്ധിയിലായി​. ചെറുകിട ഹോട്ടലുകൾ മുതൽ വലിയ കമ്പനികൾ വരെ ഒരേപോലെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്​. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ​തന്നെ തൊഴിലാളികൾ മടങ്ങിയത്​ പല സ്ഥാപനങ്ങളുടെയും സ്​റ്റോക്ക്​ പുതുക്കലിനെ ബാധിച്ചു. കൂലി ​കൂടുതൽ വാഗ്​ദാനം നൽകിയിട്ടും തൊഴിലാളികളെ കിട്ടാനില്ലെന്നാണ്​ ഇതര സംസ്ഥാന തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യുന്നവർ പറയുന്നത്​. നാട്ടി​ലേക്ക്​ പോയ തൊഴിലാളികൾ പലരും ഫോൺ എടുക്കുന്നില്ല. വരാൻ ആ​ഗ്രഹിക്കുന്നവർക്കാകട്ടെ​ ട്രെയിനിൽ ടിക്കറ്റും ലഭിക്കുന്നില്ല. 1500 രൂപയുടെ ട്രെയിൻ ടിക്കറ്റിന്​ 3000 രൂപ വരെ ഈടാക്കുന്നുണ്ട്​. പാചക വാതക ​പ്രതിസന്ധി തുടരുന്നതും ​തൊഴിലാളികളുടെ മടങ്ങിവരവിനെ തടയുന്നുണ്ട്​. കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിന്​ അസമിലെ തെരഞ്ഞെടുപ്പും പൂർത്തിയായിട്ടുണ്ട്​. അസമിൽ നിന്നുള്ളവരെ തിരിച്ചെത്തിച്ചും മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉപ​യോഗിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ്​ വിവിധ സ്ഥാപനങ്ങൾ നടത്തുന്നത്​. അസമിൽ നിന്ന്​ സ്​പെഷൽ ട്രെയിൻ ഏർപ്പെടുത്തണമെന്നും ഇതിന്​ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ്​ ആവശ്യം.




Feedback and suggestions