ബഹിരാകാശത്ത് ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ സ്പേസ് എക്സിന് യുഎസിന്റെ പച്ചക്കൊടി


26, November, 2026
Updated on 26, November, 2026 9


വാഷിംഗ്ടണ്‍: ബഹിരാകാശത്ത് ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒരു ദശലക്ഷം ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് അമേരിക്കയുടെ അനുമതി. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ്സിസി) ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. 2040 വരെയാണ് അനുമതിയുടെ കാലാവധി. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ക്ക് പകരമായി ബഹിരാകാശത്ത് അത്യാധുനിക കമ്പ്യൂട്ടിങ് സംവിധാനങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ബഹിരാകാശ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള മത്സരത്തില്‍ നിരവധി പ്രമുഖ കമ്പനികളാണ് രംഗത്തുള്ളത്. സ്പേസ് എക്സിന്റെ സ്റ്റാര്‍മൈന്‍ഡ് ഉപഗ്രഹ ശൃംഖലയ്ക്ക് പുറമെ ഗൂഗിള്‍ ‘സണ്‍കാച്ചര്‍’ എന്ന രഹസ്യനാമത്തിലുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ബ്ലൂ ഒറിജിന്‍ ‘പ്രോജക്ട് സണ്‍റൈസ്’ എന്ന പേരില്‍ എഫ്സിസിക്ക് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ക്ലൗഡ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളും ഈ രംഗത്ത് സജീവമാണ്.


സ്വന്തമായി റോക്കറ്റുകള്‍ വികസിപ്പിക്കുകയും നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളതാണ് സ്പേസ് എക്സിന്റെ പ്രധാന നേട്ടം. 2027 അവസാന പാദത്തില്‍ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തുമെന്നും 2028ല്‍ പദ്ധതി വിപുലീകരിക്കുമെന്നും ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി എന്‍വിഡിയയുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ബഹിരാകാശത്ത് പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഏറ്റവും പുതിയ വെറ റൂബിന്‍ പ്രോസസറുകളാണ് എന്‍വിഡിയ നല്‍കുക.


ഭൂമിയില്‍ നിന്ന് കുറഞ്ഞ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ നിരവധി ഉപഗ്രഹങ്ങള്‍ വിന്യസിച്ചുകൊണ്ടുള്ള സംവിധാനമാണ് മിക്ക ബഹിരാകാശ ഡാറ്റാ സെന്റര്‍ പദ്ധതികളുടെയും അടിസ്ഥാനം. ഉപഗ്രഹങ്ങള്‍ തമ്മില്‍ വേഗത്തിലുള്ളതും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്പേസ് എക്സിന്റെ സ്റ്റാര്‍മൈന്‍ഡ് ഉപഗ്രഹങ്ങള്‍ നിലവില്‍ ഭ്രമണപഥത്തിലുള്ള സ്റ്റാര്‍ലിങ്ക് ശൃംഖലയുമായി ബന്ധിപ്പിച്ച് വിവരങ്ങള്‍ ഭൂമിയിലെത്തിക്കും. മറ്റ് കമ്പനികള്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ സ്വീകരിക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് പരിഗണിക്കുന്നത്.


എന്നാല്‍ പദ്ധതിക്ക് മുന്നില്‍ നിരവധി സാങ്കേതിക വെല്ലുവിളികളുമുണ്ട്. ബഹിരാകാശത്തെ ഉയര്‍ന്ന തോതിലുള്ള വികിരണം പ്രോസസറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനുള്ള സാധ്യത, അതിശൈത്യവും അതിതാപനിലയും, ബഹിരാകാശ അവശിഷ്ടങ്ങള്‍, ചെറു ഉല്‍ക്കാശിലകള്‍ എന്നിവ സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍ എന്നിവ ഇതില്‍പ്പെടുന്നു. അതേസമയം, സൂര്യനുമായി ബന്ധപ്പെട്ട പ്രത്യേക ഭ്രമണപഥമായ സണ്‍-സിന്‍ക്രണസ് ഓര്‍ബിറ്റില്‍ സ്ഥാപിക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് തുടര്‍ച്ചയായി സൗരോര്‍ജം ലഭ്യമാക്കാനാകും. ഭൂമിയിലെ സമാന സംവിധാനങ്ങളെ അപേക്ഷിച്ച് എട്ടിരട്ടി കാര്യക്ഷമതയില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് ബഹിരാകാശ ഡാറ്റാ സെന്ററുകളുടെ പ്രധാന ആകര്‍ഷണം.




Feedback and suggestions