വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ


21, November, 2026
Updated on 21, November, 2026 11


ന്യൂഡൽഹി: 1970-കളിലെ വിവാദമായ മാരുതി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. അക്കാലത്ത് വിദേശ പൗരയായിരിക്കെ തന്നെ സോണിയാ ഗാന്ധി 'മാരുതി ടെക്നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ' (MTS) ഡയറക്ടറും ഓഹരി ഉടമയുമായെന്നും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നുമാണ് ദുബെയുടെ പ്രധാന ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) 'കോൺഗ്രസിന്റെ ഇരുണ്ട അധ്യായം' (Congress's Dark Chapter) എന്ന പേരിൽ താൻ എഴുതുന്ന പരമ്പരയുടെ 250-ാം ഭാഗത്തിലാണ് ബിജെപി എംപി ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

സോണിയാ ഗാന്ധിയുടെ അടുത്തിടെ പുറത്തിറങ്ങിയ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടെയാണ് നിഷികാന്ത് ദുബെയുടെ പുതിയ വെളിപ്പെടുത്തലുകൾ. 1970 നവംബർ 21-ന് സഞ്ജയ് ഗാന്ധി സോണിയാ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മാരുതി ടെക്നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലേർപ്പെട്ടിരുന്നുവെന്ന് ദുബെ അവകാശപ്പെടുന്നു. 1970-ൽ മാത്രം സ്ഥാപിതമായ മാരുതി കമ്പനിക്ക്, ഔദ്യോഗികമായി നിലവിൽ വരുന്നതിന് മുൻപ് തന്നെ, അതായത് 1968-ൽ കാറുകൾ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി പത്രം എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. സോണിയാ ഗാന്ധിയായിരുന്നു മാരുതിയുടെ യഥാർത്ഥ ഉടമയെന്നും, സ്വന്തമായി ഒരു പൈസ പോലും മുടക്കാതെ അവർ എങ്ങനെയാണ് കമ്പനിയുടെ 50 ശതമാനം ഉടമയായതെന്ന് തന്റെ പുസ്തകത്തിൽ വിശദീകരിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.















Feedback and suggestions