20, November, 2026
Updated on 20, November, 2026 6
അമേരിക്കയിൽ തുടർച്ചയായുണ്ടാകുന്ന വൻ സാങ്കേതിക തകരാറുകൾക്കും സുരക്ഷാ വീഴ്ചകൾക്കും പിന്നാലെ വൈറ്റ് ഹൗസ് സൈബർ സുരക്ഷാ മേധാവി ഷോൺ കെയിൻക്രോസിനെ പുറത്താക്കി. ദേശീയ സൈബർ ഡയറക്ടർ പദവിയിൽനിന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പൂർണ പിന്തുണയോടെ കെയിൻക്രോസിനെ നീക്കിയത്. യോഗ്യതയോ മുൻപരിചയമോ ഇല്ലാത്ത വ്യക്തിയെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ ഉന്നതപദവിയിൽ പ്രതിഷ്ഠിച്ചതാണ് രാജ്യത്തെ ഡിജിറ്റൽ സുരക്ഷയെ പ്രതിസന്ധിയിലാക്കിയതെന്ന വിമർശനം ശക്തമാണ്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കിർസ്റ്റൺ ഡേവിസിനാണ് പകരം താൽക്കാലിക ചുമതല. സെനറ്റ് അംഗീകാരമുള്ള ഉദ്യോഗസ്ഥയായ ഡേവിസിന് ഈ മേഖലയിൽ മതിയായ അനുഭവസമ്പത്തുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ വിവിധ മേഖലകളിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ വ്യാപകമായി തകരാറിലായിരുന്നു. യാത്രാ സംവിധാനങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ, ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സ്തംഭിച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്. അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയുടെ (എൻഎസ്എ) അതീവ രഹസ്യ സ്വഭാവമുള്ള ആഭ്യന്തര ആശയവിനിമയ ശൃംഖലയെപ്പോലും സാങ്കേതിക തകരാറുകൾ ബാധിച്ചത് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി.
2016-ലെ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന കെയിൻക്രോസ്, ട്രംപിന്റെ ആദ്യ ഭരണകാലത്തും വൈറ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്നു. സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ ഉപരിയായി റിപ്പബ്ലിക്കൻ പാർട്ടിയുമായുള്ള അടുത്ത ബന്ധമാണ് ഇദ്ദേഹത്തെ ദേശീയ സൈബർ സുരക്ഷാ മേധാവി സ്ഥാനത്തേക്ക് എത്തിച്ചത്. നിർമിതബുദ്ധി (എഐ) ഉയർത്തുന്ന പുതിയ വെല്ലുവിളികളും സൈബർ ആക്രമണങ്ങളും നേരിടുന്നതിൽ ഭരണകൂടം പൂർണമായും പരാജയപ്പെട്ടതിന്റെ തെളിവാണ് ഈ പുറത്താക്കലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.