ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി ട്രംപ്


19, November, 2026
Updated on 19, November, 2026 12


വാഷിംഗടണ്‍: ഇറാന്‍ രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. ആണവായുധ പദ്ധതികള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മറ്റ് അപകടകരമായ ആയുധങ്ങളിലേക്ക് ഇറാന്‍ ശ്രദ്ധ തിരിക്കുകയാണെന്ന് ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയായ എപെക സമ്മേളനത്തോടനുബന്ധിച്ച് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഇറാന്‍ രാസവാതകങ്ങള്‍, ജൈവായുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കുന്നതായും ഇത് ആശങ്കാജനകമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.


അതേസമയം, അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി.യില്‍ ഡേര്‍ട്ടി ബോംബ് ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിച്ചേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലഭിച്ച വിവരങ്ങളുടെ വിശ്വാസ്യത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരമ്പരാഗത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചിതറിക്കുന്ന ഉപകരണമാണ് ഡേര്‍ട്ടി ബോംബ്. ഇത് ആണവബോംബിന് തുല്യമല്ലെങ്കിലും വികിരണ മലിനീകരണവും വലിയ പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ കഴിയും.


ജനുവരി ഒന്നിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണങ്ങള്‍ അദ്ദേഹം നല്‍കിയില്ല. വാഷിങ്ടണിലെ ജനങ്ങള്‍ ആക്രമണ സാധ്യതയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. ആക്രമണം ഉണ്ടായാല്‍ അതിന് ഉത്തരവാദികളായവരെ പൂര്‍ണമായി ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.




Feedback and suggestions