19, November, 2026
Updated on 19, November, 2026 0
വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി 4,700 കോടി രൂപയോളം ചെലവഴിച്ചത് വലിയ അബദ്ധമായിപ്പോയെന്ന് തുറന്നുസമ്മതിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഇത്രയധികം പണം മുടക്കിയിട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ 'ഡീൽബുക്ക് ഉച്ചകോടി'യിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് സാമ്പത്തിക കരുത്തേകുന്നതിനൊപ്പം ടെക്‌സസിൽ പാർട്ടിയുടെ ആധിപത്യം നിലനിർത്തുക എന്നതായിരുന്നു മസ്‌കിന്റെ പ്രധാന ലക്ഷ്യം. ടെസ്‌ലയുടെ വാഹനനിർമാണ കേന്ദ്രം, സ്‌പേസ് എക്‌സിന്റെ പ്രവർത്തനങ്ങൾ, വരാനിരിക്കുന്ന ചിപ്പ് നിർമാണ സംരംഭം തുടങ്ങി മസ്‌കിന്റെ പ്രധാന ബിസിനസ് താല്പര്യങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ടെക്‌സസിലാണ്. ഇതുകൂടി മുന്നിൽക്കണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം വൻതുക നിക്ഷേപിച്ചത്.എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മസ്‌കിന്റെ കണക്കുകൂട്ടലുകൾ പാടെ തെറ്റി. യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്രെഗ് ആബട്ടിനെ ഡെമോക്രാറ്റിക് സ്ഥാനാർഥി ജിന ഹിനോജോസ പരാജയപ്പെടുത്തി.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അടുത്ത അനുയായിയായ മസ്‌കിനും കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകിയത്. കോടികൾ ഒഴുക്കിയിട്ടും കാര്യമായ ചലനമുണ്ടാക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് മസ്‌ക് പറഞ്ഞു. അതേസമയം, തന്റെ സാമ്പത്തിക പിന്തുണ കൂടി ഇല്ലായിരുന്നുവെങ്കിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ പ്രകടനം ഇതിലും ദയനീയമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.