9, November, 2026
Updated on 9, November, 2026 6
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച (നവംബർ 8) അക്ഷർധാമിൽ PM 2.5 ന്റെ അളവ് ക്യൂബിക് മീറ്ററിന് 760.99 മൈക്രോഗ്രാം വരെ ഉയർന്നു. ഇത് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള സുരക്ഷിത പരിധിയേക്കാൾ 50.73 മടങ്ങ് അധികമാണ്.നഗരത്തിലെ 12 കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക ‘ഗുരുതരം’ എന്ന വിഭാഗത്തിലെത്തി. ജഹാംഗീർപുരിയിലാണ് ഏറ്റവും ഉയർന്ന വിഷപ്പുക രേഖപ്പെടുത്തിയത് (463). സുപ്രീം കോടതിയുടെ സമയനിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതും വാഹനപ്പുകയും വൈക്കോൽ കത്തിക്കലുമാണ് സ്ഥിതി വഷളാക്കിയത്. കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിനിടെ, വിഷപ്പുക നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പോലീസ് നടപടിക്കെതിരെ ആം ആദ്മി പാർട്ടിയും ദീപാവലി ആഘോഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയും രാഷ്ട്രീയ പോര് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും അന്തരീക്ഷ മലിനീകരണം ഇതേപടി തുടരുമെന്നാണ് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്.