നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിഎന്താവും: ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം ഇസ്രയേലില്‍


27, October, 2026
Updated on 27, October, 2026 5


ടെല്‍ അവീവ്: ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഇസ്രയേല്‍. ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേല്‍ ആദ്യമായി ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിനുള്ള ജനവിധിയായി വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഭരണസഖ്യവും കടുത്ത മത്സരമാണ് നേരിടുന്നത്. രാജ്യത്തെ 120 അംഗ പാര്‍ലമെന്റായ നെസെറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയെന്നത് നിര്‍ണായകമാണ്.


ഇസ്രയേലില്‍ വോട്ടര്‍മാര്‍ വ്യക്തിഗത സ്ഥാനാര്‍ഥികള്‍ക്കല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയ്ക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. രാജ്യത്തുടനീളം ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലൂടെയാണ് സീറ്റുകള്‍ അനുവദിക്കുന്നത്. സാധുവായ വോട്ടുകളുടെ കുറഞ്ഞത് 3.25 ശതമാനം നേടുന്ന പാര്‍ട്ടികള്‍ക്കാണ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കുക. ആകെ 120 സീറ്റുകളില്‍ കുറഞ്ഞത് 61 എണ്ണം നേടിയാല്‍ മാത്രമേ ഒരു ഭരണസഖ്യത്തിന് ഭൂരിപക്ഷം ഉറപ്പാക്കാനാകൂ. ഇതുവരെ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഈ ഭൂരിപക്ഷം നേടാനായിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയുടെ നേതാവിന് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെങ്കിലും, മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകം.


തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇസ്രയേല്‍ പ്രസിഡന്റ് ഒരു പാര്‍ലമെന്റ് അംഗത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തും. സാധാരണയായി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ നേതാവിനാണ് ഈ അവസരം ലഭിക്കുക. തുടര്‍ന്ന് 28 ദിവസത്തിനുള്ളില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടണം. ആവശ്യമെങ്കില്‍ 14 ദിവസം കൂടി സമയം അനുവദിക്കാം. ആദ്യ ശ്രമം പരാജയപ്പെട്ടാല്‍ മറ്റൊരു നേതാവിന് അവസരം നല്‍കും. അതും പരാജയപ്പെട്ടാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. 2019നുശേഷം തുടര്‍ച്ചയായി രാഷ്ട്രീയ അനിശ്ചിതത്വം നേരിട്ട ഇസ്രയേലില്‍, ഇത്തവണയും സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.


2009നുശേഷം കൂടുതല്‍ കാലവും അധികാരത്തിലിരുന്ന നെതന്യാഹുവിന് ഇത്തവണ നിരവധി വെല്ലുവിളികളുണ്ട്. ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടികള്‍ നേരിടുന്ന അദ്ദേഹം, ഇസ്രയേലില്‍ അഴിമതിക്കേസുകളിലും വിചാരണ നേരിടുകയാണ്. ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ഹമാസ് ആക്രമണം ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ ജനപിന്തുണ കുറഞ്ഞതായി അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ട്, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുന്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡ്, മുന്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍, മുന്‍ ജനറല്‍ യായിര്‍ ഗോലാന്‍ എന്നിവരാണ് നെതന്യാഹുവിനെ വെല്ലുവിളിക്കുന്ന പ്രമുഖര്‍. രാജ്യത്തിന്റെ സുരക്ഷ, അഴിമതി ആരോപണങ്ങള്‍, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍.


നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളുടെയും അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെയും നിലപാടുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. യുണൈറ്റഡ് തോറ ജൂഡായിസം, ഷാസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയാണ് നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് വര്‍ഷങ്ങളായി കരുത്തായത്. നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് തങ്ങളുടെ വിഭാഗത്തിന് ഇളവ് വേണമെന്ന ഇവരുടെ ആവശ്യവും സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നതും ഇസ്രയേലില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന റാം, ജോയിന്റ് ലിസ്റ്റ് എന്നീ പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കാം.




Feedback and suggestions