27, October, 2026
Updated on 27, October, 2026 7
പഴക്കമേറിയ ചീത, ചേതക് ഹെലികോപ്റ്ററുകൾക്ക് പകരമായി ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്ക്കുമായി 200 ലൈറ്റ് മൾട്ടിറോൾ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യൻ കമ്പനികളുടെ നേതൃത്വത്തിൽ രാജ്യത്ത് നിർമ്മിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. കരാർ പ്രകാരം നിർമ്മാണച്ചുമതല എൽ 1, എൽ 2 കമ്പനികൾക്ക് ഇടയിൽ പങ്കിട്ട് നൽകാനാണ് സാധ്യത. ടാറ്റയും എയർബസും ചേർന്നുള്ള കൂട്ടായ്മയും, ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി കൈകോർക്കുന്ന അദാനി ഗ്രൂപ്പും ഈ പദ്ധതിയിലെ പ്രധാന പങ്കാളികളാകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ബെൽ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.സിയാച്ചിൻ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള അതിർത്തികളിൽ നിരീക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഈ ലൈറ്റ് ഹെലികോപ്റ്ററുകൾ സേനയ്ക്ക് അത്യന്താപേക്ഷിതമാണ്.