27, October, 2026
Updated on 27, October, 2026 6
വാഷിങ്‌ടൺ: വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും മുൻ തിരഞ്ഞെടുപ്പുകളിലും നടന്ന വോട്ടർ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം ഡോളർ (ഏകദേശം 8.8 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പിടികൂടി കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ മാത്രമാകും തുക നൽകുകയെന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ ട്രംപ് വ്യക്തമാക്കി.നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി തീവ്രശ്രമം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വിവിധ സർവേകളിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസിൽ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയാൽ ട്രംപ് ഭരണകൂടത്തിന്റെ നയപരിപാടികൾ തടസ്സപ്പെടാനും അന്വേഷണങ്ങൾ നേരിടേണ്ടി വരാനും സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ട്രംപിന്റെ ആരോപണങ്ങൾ യു.എസ്. രാഷ്ട്രീയത്തിൽ വൻ ചർച്ചയായിട്ടുണ്ട്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താനാണ് വിജയിച്ചതെന്ന് ട്രംപ് മുൻപും അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ തട്ടിപ്പുകൾ വളരെ അപൂർവമാണെന്നാണ് പ്രമുഖ പഠനങ്ങൾ വ്യക്തമാക്കുന്നത്. വിദേശ പൗരന്മാർ വോട്ട് ചെയ്യുന്നത് നിയമവിരുദ്ധവും വിരളവുമാണെന്നും റിപ്പോർട്ടുകളുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് നൽകുന്ന സാമ്പത്തിക വാഗ്ദാനങ്ങളുടെ ഭാഗമാണ് പുതിയ പ്രഖ്യാപനവും. കോൺഗ്രസിൽ ഭൂരിപക്ഷം ലഭിച്ചാൽ മുതിർന്ന ഓരോ യു.എസ്. പൗരനും 5,000 ഡോളർ വീതം നൽകുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. നോർത്ത് കരോലിനയിലെ സൈനിക താവളത്തിൽ മലിനജലം മൂലം രോഗബാധിതരായവർക്കുള്ള നഷ്ടപരിഹാര വിഷയവും റിപ്പബ്ലിക്കൻ വിജയവുമായി ട്രംപ് ബന്ധപ്പെടുത്തിയിട്ടുണ്ട്.അതിനിടെ, അലാസ്‌കയിലെ സെനറ്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നീതിനായ വകുപ്പ് കോടതിയെ സമീപിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡാൻ സള്ളിവൻ പരാജയപ്പെട്ടാൽ ഔദ്യോഗിക ഫലപ്രഖ്യാപനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം. സമാന പേരുള്ള മറ്റൊരാൾ മത്സരിക്കുന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വാദം. ഹർജി നൽകാൻ നിർദേശം നൽകിയത് താനാണെന്ന് ട്രംപ് സമ്മതിച്ചെങ്കിലും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനല്ല ഈ നീക്കമെന്ന് അറ്റോർണി ജനറൽ അറിയിച്ചു.