27, October, 2026
Updated on 27, October, 2026 5
വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) മുന്‍ ഡയറക്ടറുമായ ജെയിംസ് കോമിക്കെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അനധികൃതമായി കൈമാറിയെന്നാണ് പുതിയ ആരോപണം. ട്രംപിന്റെ വിമര്‍ശകനായ കോമിക്കെതിരെ ചുമത്തപ്പെടുന്ന മൂന്നാമത്തെ ക്രിമിനല്‍ കേസാണിത്.
തിങ്കളാഴ്ച പുറത്തുവിട്ട കോടതി രേഖകള്‍ പ്രകാരം, 2016 ഒക്ടോബറില്‍ എഫ്ബിഐ മേധാവിയായിരിക്കെ, വിവരങ്ങള്‍ കൈപ്പറ്റാന്‍ അധികാരമില്ലാത്ത ഒരാള്‍ക്ക് കോമി രഹസ്യവിവരങ്ങള്‍ കൈമാറി. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട ഈ വിവരങ്ങള്‍ ഒരു ദേശീയ വാര്‍ത്താ മാധ്യമത്തിലെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറാന്‍ തിരിച്ചറിയപ്പെടാത്ത ഒരാളോട് കോമി നിര്‍ദേശിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
തുടരുന്ന രാഷ്ട്രീയ പകപോക്കല്‍?
കോമിക്കെതിരെ ഇതിനുമുമ്പും സമാനമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. 2025 സെപ്റ്റംബറില്‍ കോണ്‍ഗ്രസിന് മുമ്പാകെ തെറ്റായ മൊഴി നല്‍കിയെന്നും നടപടികള്‍ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍, കേസ് ചുമത്തിയ യുഎസ് അറ്റോര്‍ണിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ ഫെഡറല്‍ ജഡ്ജി പിന്നീട് ആ കേസ് തള്ളിക്കളഞ്ഞു. തുടര്‍ന്ന്, ട്രംപിന്റെ ജീവന് ഭീഷണിയുയര്‍ത്തിയെന്നാരോപിച്ച് 2026 ഏപ്രിലിലും കോമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
കടല്‍ത്തീരത്തെ ചിപ്പികള്‍ ഉപയോഗിച്ച് ’86 47′ എന്ന അക്കങ്ങള്‍ രേഖപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് രണ്ടാമത്തെ കേസിന് ആധാരമായത്. ’86’ എന്നത് കൊല്ലുക എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദമാണെന്നും, ’47’ എന്നത് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റാണെന്നതിനെ സൂചിപ്പിക്കുന്നുവെന്നും നീതിന്യായ വകുപ്പ് വാദിച്ചു. എന്നാല്‍, പ്രസിഡന്റിന്റെ ജീവന് ഭീഷണിയുയര്‍ത്തിയെന്ന ആരോപണം കോമി ശക്തമായി നിഷേധിച്ചിരുന്നു.
നിരപരാധിത്വത്തില്‍ ഉറച്ച് കോമി
പുതിയ കേസിനെതിരെ പ്രതികരിച്ച ജെയിംസ് കോമി, താന്‍ നിരപരാധിയാണെന്നും നീതിന്യായ വകുപ്പിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകമാണെന്നും വ്യക്തമാക്കി. ട്രംപിന്റെ ആദ്യ ഭരണകാലത്തുതന്നെ പുതിയ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിച്ചിരുന്നുവെന്നും, അന്ന് ആരുടെയും പേരില്‍ കുറ്റം ചുമത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും കോമിയുടെ അഭിഭാഷകന്‍ പാട്രിക് ഫിറ്റ്‌സ്‌ജെറാള്‍ഡ് അമേരിക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ക്ക് അനുകൂലമായ വിധി
അതിനിടെ, കോമിയുടെ മകളും ന്യൂയോര്‍ക്കിലെ മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറുമായ മൗറീന്‍ കോമിയെ 2025 ജൂലൈയില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ ജഡ്ജി ജെസ്സി ഫര്‍മാന്‍ വിധിച്ചു. പിതാവ് ട്രംപിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് തന്നെ പിരിച്ചുവിട്ടതെന്ന് ആരോപിച്ച് മൗറീന്‍ നീതിന്യായ വകുപ്പിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പുറത്താക്കിയെന്ന് നിരീക്ഷിച്ച കോടതി, അവരെ ജോലിയില്‍ തിരിച്ചെടുക്കാനും ഉത്തരവിട്ടു. അധികാരത്തിലെത്തിയതിനുശേഷം തനിക്കെതിരെ നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ട്രംപ് ഭരണകൂടം വ്യാപകമായി പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍.