ഇറാനെതിരെ വീണ്ടും സൈനികാക്രമണ ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ


26, October, 2026
Updated on 26, October, 2026 3


 

​വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക വീണ്ടും ഉടൻ സൈനികാക്രമണം നടത്തിയേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ പുതിയ അക്രമങ്ങൾ നടത്താനുള്ള സാധ്യതകൾ അമേരിക്ക പരിഗണിച്ചുവരികയാണെന്ന് അദ്ദേഹം ഫ്ലോറിഡയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ വലിയൊരു കരാറിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

​അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യം താൻ വെളിപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ട്രംപിന്റെ മറു ചോദ്യം. കരാറിലെത്താൻ ഇറാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിലെ വ്യവസ്ഥകൾ അവർ പാലിക്കുമോ എന്നതാണ് പ്രധാന ആശങ്കയെന്നും ഇറാന് ആണവായുധം ലഭിക്കുന്നത് തടയാനാണ് ആക്രമണങ്ങൾ നടത്തുന്നതെന്നും ട്രംപ് ആവർത്തിച്ചു.

​ഇറാനെതിരെ ‘എപിക് ഫ്യൂറി’ എന്ന പേരിൽ വീണ്ടും സൈനിക നടപടി ഉണ്ടായേക്കുമെന്ന് വെള്ളിയാഴ്ചയും ട്രംപ് സൂചന നൽകിയിരുന്നു. നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരായ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവനകൾ മേഖലയിൽ വീണ്ടും സൈനിക നടപടി പുനരാരംഭിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

​ഫെബ്രുവരി 28-നാണ് യുഎസ് ഏകപക്ഷീയമായി നിലവിലെ യുദ്ധം ആരംഭിച്ചത്. വഞ്ചനാപരമായ അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയും മുതിർന്ന സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുകയും ആഗോള എണ്ണവിതരണത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും ആഗോള സാമ്പത്തിക രംഗം തടിയറവാകുകയും ചെയ്തു.

​തുടർന്ന് ജൂൺ 17-ന് യുദ്ധം അവസാനിപ്പിക്കാൻ ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും 14 ഇന കരാറിൽ ഒപ്പുവെക്കുകയുണ്ടായി. സൈനിക നടപടികൾ ഉടൻ നിർത്തിവെക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനുള്ള ശ്രമങ്ങൾ നടത്താനും ധാരണയായെങ്കിലും ജൂലൈ എട്ടിന് ട്രംപ് ഏകപക്ഷീയമായി കരാർ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്ക നിരന്തരം കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഒരാഴ്ചയ്ക്കുശേഷം ഇറാനും ധാരണാപത്രം മരവിപ്പിച്ചു. സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെ വാഗ്ദാനലംഘനങ്ങളും യുദ്ധവെറിയുമാണ് പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തുന്നത്.




Feedback and suggestions