17, October, 2026
Updated on 17, October, 2026 7
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള തങ്ധർ അതിർത്തി മേഖലയിലൂടെ നടത്താൻ ശ്രമിച്ച വൻ ഭീകര നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും സംയുക്തമായി ചേർന്ന് തകർത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം സംശയസാഹചര്യത്തിൽ ചിലരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന ഉടൻ തന്നെ പ്രദേശം വളയുകയായിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് നേരെ സൈന്യം വെടിയുതിർത്തതോടെ പ്രദേശത്ത് ശക്തമായ വെടിവെപ്പുണ്ടായി.സുരക്ഷാ സേനയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് ഭീകരർക്ക് ഉൾക്കാട്ടിലേക്ക് പിന്മാറേണ്ടി വന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭീകരർ ഉപേക്ഷിച്ചുപോയ ആയുധങ്ങളും വെടിയുണ്ടകളും മറ്റ് സൈനിക ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സൈനിക വിഭാഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനമേഖല പൂർണ്ണമായും ഉപരോധിച്ചാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. കുപ്വാരയിലെ അതിർത്തി ഗ്രാമങ്ങളിലും പ്രധാന പാതകളിലും കർശന സുരക്ഷാ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിർത്തിയിൽ കൂടുതൽ പട്രോളിംഗ് ശക്തമാക്കാനും ജാഗ്രത പുലർത്താനും ഇന്ത്യൻ സൈന്യം നിർദ്ദേശം നൽകി.